"എന്റെ പാർട്ടിയെ ഇല്ലാതാക്കണമെങ്കിൽ എന്നെ കൊല്ലണം"; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മമത ബാനർജി
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് പാർട്ടിക്ക് അകത്തുനിന്നും പുറത്തുനിന്നും വലിയ രീതിയിലുള്ള രാഷ്ട്രീയ വെല്ലുവിളികളാണ് നേരിടേണ്ടി വരുന്നത്. ഇപ്പോഴിതാ ഭരണ കക്ഷിയായ ബിജെപിക്കെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനർജി രംഗത്ത്. തൃണമൂൽ നേതാക്കളെയും പ്രവർത്തകരെയും ബിജെപി നിരന്തരം വേട്ടയാടുകയാണെന്ന് മമത കുറ്റപ്പെടുത്തി. തന്നെ നിശബ്ദയാക്കാനോ തൃണമൂൽ കോൺഗ്രസിനെ ഇല്ലാതാക്കാനോ ആണ് ബിജെപി ആഗ്രഹിക്കുന്നതെങ്കിൽ അവർക്ക് തന്നെ "കൊല്ലേണ്ടി" വരും എന്ന് മമത ബാനർജി വികാരാധീനയായി പറഞ്ഞു. പുറത്തുവിട്ട ഒരു പ്രത്യേക വീഡിയോ സന്ദേശത്തിലാണ് പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളിലും നേതാക്കൾ നേരിടുന്ന അക്രമണങ്ങളിലും മമത തന്റെ മൗനം വെടിഞ്ഞ് സംസാരിച്ചത്.
തൃണമൂൽ കോൺഗ്രസിനെ ഭയപ്പെടുത്താൻ ബിജെപി സകല വഴികളും സ്വീകരിക്കുകയാണെന്ന് മമത ആരോപിച്ചു. മഹുവ മൊയ്ത്ര, അഭിഷേക് ബാനർജി, കല്യാൺ ബാനർജി തുടങ്ങിയ മുതിർന്ന നേതാക്കൾ ഉൾപ്പെടെ നിരവധി പാർട്ടി പ്രവർത്തകർ വലിയ രീതിയിലുള്ള ആക്രമണങ്ങളും അപമാനങ്ങളുമാണ് നേരിട്ടത്. "നിങ്ങൾ ആരെയാണ് വെറുതെ വിട്ടത്? നിങ്ങൾ മഹുവയെയും അഭിഷേകിനെയും കല്യാണിനെയും വരെ ആക്രമിച്ചു. ഒടുവിൽ എന്റെ വീടിന് നേരെ പോലും ആക്രമണമുണ്ടായി," മമത വീഡിയോയിൽ തുറന്നടിച്ചു.

നിലവിൽ കസ്റ്റഡിയിലുള്ള തന്റെ പാർട്ടി സഹപ്രവർത്തകരോട് അധികാരികൾ ക്രൂരവും മനുഷ്യത്വരഹിതവുമായ പെരുമാറ്റമാണ് കാണിക്കുന്നതെന്ന് മമത ബാനർജി ആരോപിച്ചു. "എന്റെ പല സഹപ്രവർത്തകരും ലോക്കപ്പുകളിൽ കടുത്ത ദുരിതത്തിലാണ്. വെറും നിലത്താണ് അവർ കിടന്നുറങ്ങുന്നത്. ചിലരെ അരയിൽ കയറുകളും കാലിൽ ചങ്ങലകളും കെട്ടിയാണ് കൊണ്ടുപോകുന്നത്. ചിലരുടെ തല മൊട്ടയടിച്ചു, മറ്റ് ചിലരുടെ മേൽ വിഷകരമായ വസ്തുക്കൾ വലിച്ചെറിഞ്ഞു. ഇതൊക്കെ പറയാൻ പോലും എനിക്ക് നാണക്കേട് തോന്നുന്നു," അവർ പറഞ്ഞു. ഇത്തരം കടുത്ത അടിച്ചമർത്തലുകൾ ഉണ്ടായാലും തൃണമൂൽ കോൺഗ്രസ് തങ്ങളുടെ രാഷ്ട്രീയ പോരാട്ടം തുടരുമെന്നും ഒന്നിനെയും ഭയപ്പെടില്ലെന്നും മമത കൂട്ടിച്ചേർത്തു.
ഇതോടൊപ്പം ബംഗാളിലെ സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്നും മുട്ട ഒഴിവാക്കി സസ്യഭക്ഷണം നൽകാനുള്ള പുതിയ പദ്ധതിയെയും മമത കടുത്ത ഭാഷയിൽ വിമർശിച്ചു. ജനങ്ങളുടെ യഥാർത്ഥ ക്ഷേമപ്രശ്നങ്ങൾ കാണാതെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് അവർ കുറ്റപ്പെടുത്തി. "സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് മുട്ട പോലും കിട്ടുന്നില്ല. എന്നിട്ടാണ് നിങ്ങൾ ഇത്തരം നാടകങ്ങളുമായി നടക്കുന്നത്. ഇതൊന്നും ഒരിക്കലും ബംഗാളിന്റെ സംസ്‌കാരമല്ല. ഞങ്ങൾ 15 വർഷം ഇവിടെ അധികാരത്തിൽ ഇരുന്നിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും ഇത്തരം കാര്യങ്ങൾ ചെയ്തിട്ടില്ല," കുട്ടികളുടെ ആവശ്യങ്ങളേക്കാൾ രാഷ്ട്രീയ പ്രതികാരത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മമത ആരോപിച്ചു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പാചകക്കാരും സഹായികളും വലിയ പ്രതിസന്ധിയിലാണെന്നും അവർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications