മമത ഇടഞ്ഞുതന്നെ, ബംഗാളില്‍ വോട്ടെടുപ്പില്ല?
കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാനം ഭരിക്കുന്ന മമതാ ബാനര്‍ജിയും തമ്മിലുള്ള തര്‍ക്കത്തില്‍ പശ്ചിമ ബംഗാളിന് ലോക്‌സഭ തിരഞ്ഞെടുപ്പ് നഷ്ടമാകുമോ? തങ്ങളുടെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥരെ നീക്കം ചെയ്തില്ലെങ്കില്‍ സംസ്ഥാനത്ത് വോട്ടെടുപ്പ് റദ്ദ് ചെയ്യുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭീഷണി. എന്നാല്‍ എന്ത് തന്നെ വന്നാലും ഉദ്യോഗസ്ഥരെ മാറ്റുന്ന പ്രശ്‌നമില്ലെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഉറച്ച തീരുമാനം.
താന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഉദ്യോഗസ്ഥരെ മാറ്റുന്നത് ഒന്ന് കാണണമല്ലോ എന്നാണ് മമത പറയുന്നത്. തനിക്കെതിരെ നടപടിയെടുക്കാനും മമത തിരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിക്കുന്നുണ്ട്. വേണ്ടി വന്നാല്‍ ജയിലില്‍ പോകാന്‍ വരെ താന്‍ തയ്യാറാണ്. ജില്ലാ മജിസ്‌ട്രേറ്റ്, അഞ്ച് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്നും മാറ്റാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്.

ചട്ടലംഘനം തടയുന്നില്ല എന്നാരോപിച്ച് ഇവര്‍ക്കെതിരെ ബി ജെ പി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു. ഇവര്‍ക്കെതിരെ അടിയന്തിര നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ ഗുപ്ത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍, എ ഡി എം, റിട്ടേണിംഗ് ഓഫീസര്‍ എന്നിവരെ സ്ഥലം മാറ്റാനും കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.
എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നാണ് മമത ബാനര്‍ജി പറയുന്നത്. നിങ്ങള്‍ മുഖ്യമന്ത്രിയുടെ ജോലി കൂടി ഏറ്റെടുത്തോളൂ. എനിക്ക് ഭരണം കൂടിയേ തീരു എന്നില്ല. നിങ്ങളുടെയോ കോണ്‍ഗ്രസിന്റെയോ കാരുണ്യം കൊണ്ടല്ല തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. സംസ്ഥാന സര്‍ക്കാരിനോട് ആലോചിക്കാതെയാണ് കമ്മീഷന്‍ ഉത്തരവിട്ടത്. അത് അനുസരിക്കാനാവില്ല.












Click it and Unblock the Notifications