മമതക്ക് എതിരെ സുപ്രിംകോടതി; ഇഡിക്കെതിരായ കേസിന് സ്‌റ്റേ, 2 വര്‍ഷം എവിടെയായിരുന്നു എന്ന് സിബല്‍
ന്യൂഡല്‍ഹി: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇഡിയും തമ്മിലുള്ള പോര് സുപ്രീംകോടതിയില്‍. തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കണ്‍സള്‍ട്ടന്റായ ഐ-പാകിന്റെ കൊല്‍ക്കത്തയിലെ ഓഫീസില്‍ ഇഡി റെയ്ഡ് നടത്തിയതും മുഖ്യമന്ത്രി മമത തടഞ്ഞതുമാണ് വിവാദമായത്. തൃണമൂലിന്റെ തിരഞ്ഞെടുപ്പ് വിവരങ്ങള്‍ ശേഖരിക്കാന്‍ അമിത് ഷാ അയച്ചതാണ് ഇഡിയെ എന്നായിരുന്നു മമതയുടെ നിലപാട്.
ഇഡി റെയ്ഡ് തടഞ്ഞതില്‍ മമതാ ബാനര്‍ജിയെ സുപ്രിംകോടതി വിമര്‍ശിച്ചു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ സംസ്ഥാന ഏജന്‍സികള്‍ ഇടപെടുന്നത് ഗൗരവമുള്ള പ്രശ്നമെന്ന് നീരീക്ഷിച്ച ജസ്റ്റിസുമാരായ പ്രശാന്ത് കുമാര്‍ മിശ്ര, വിപുല്‍ പഞ്ചൗലി എന്നിവരടങ്ങിയ ബെഞ്ച് ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരേ ബംഗാള്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളും സ്റ്റേ ചെയ്തു.

മമതാ ബാനര്‍ജിക്ക് നോട്ടീസയക്കാനും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. വിഷയം ഗൗരവമുള്ളതാണെന്നും പരിഗണിക്കേണ്ട സാഹചര്യമുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. രാജ്യത്ത് നിയമവാഴ്ച നടപ്പാകുന്നതിന് ഓരോ ഏജന്‍സികളെയും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കേണ്ടതുണ്ട്. ഈ വിഷയം കോടതി പരിശോധിക്കാതിരുന്നാല്‍ സ്ഥിതി കൂടുതല്‍ വഷളാകുകയും മറ്റു സംസ്ഥാനങ്ങളിലും ആവര്‍ത്തിക്കുമെന്നും കോടതി നിരീക്ഷിച്ചു.
മമതയ്ക്ക് പുറമെ ബംഗാള്‍ പൊലിസ് മേധാവി രാജീവ് കുമാര്‍, കൊല്‍ക്കത്ത പൊലിസ് കമ്മിഷണര്‍ മനോജ് കുമാര്‍ വര്‍മ എന്നിവര്‍ക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്. ഫെബ്രുവരി മൂന്നിന് മുമ്പായി മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യണം. ജനുവരി എട്ടിന് നടന്ന റെയ്ഡും അനുബന്ധ സംഭവങ്ങളും ഉള്‍പ്പെടുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ഇ.ഡി കോടതിയില്‍ ആവശ്യപ്പെട്ടു. മമത മുമ്പും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഇ.ഡിക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. മമതയ്ക്കൊപ്പം എത്തിയ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന അപേക്ഷയും ഇഡി സമര്‍പ്പിച്ചിട്ടുണ്ട്. ഹരജി നിലനില്‍ക്കില്ലെന്ന് മമത ബാനര്‍ജിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു.
ഐ-പാക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഉപദേഷ്ടാവാണ്. തൃണമൂലിന്റെ രഹസ്യ ഡാറ്റ ഐ-പാക് ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഇ.ഡിക്ക് അവിടെ പോകേണ്ട ആവശ്യമെന്താണ്. കല്‍ക്കരി കുംഭകോണത്തിലെ അവസാന മൊഴി രേഖപ്പെടുത്തിയത് 2024 ഫെബ്രുവരിയിലാണ്. പിന്നീടുള്ള രണ്ടുവര്‍ഷം അവര്‍ എവിടെയായിരുന്നു എന്നും സിബല്‍ ചോദിച്ചു.












Click it and Unblock the Notifications