മമതാ ബാനര്‍ജി മാത്രമല്ല; പിണറായിയും നവീന്‍ പട്‌നായികും സത്യപ്രതിജ്ഞയ്ക്ക് എത്തില്ല
ദില്ലി: നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കില്ലെന്ന് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികും പിണറായി വിജയനും പങ്കെടുക്കില്ല എന്ന് അറിയിച്ചിരിക്കുന്നത്.

നവീന്‍ പട്‌നായിക്ക് കഴിഞ്ഞദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇന്ന് ഒഡീഷ നിയമസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം സഭയില്‍ നിര്‍ബന്ധമാണ്. ഇതാണ് ദില്ലിയിലെത്താന്‍ കഴിയാത്തതിന് കാരണമെന്ന് ഒഡീഷ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരത്തെ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഒടുവില്‍ പിന്‍മാറി. ബംഗാളില്‍ തൃണമൂലുമായുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് മമതയുടെ പുതിയ തീരുമാനം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന ബിജെപിയുടെ ആരോപണം അസത്യമാണെന്നും മമത പറഞ്ഞു.
മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് എല്ലാ പ്രതിപക്ഷ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു എന്നിവരെല്ലാം പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications