മമതയുടെ ഗതികേട്; പാര്‍ട്ടി സ്ഥാനാര്‍ഥി ബിജെപിക്കൊപ്പം? നന്തിഗ്രാമില്‍ പിന്തുണ കോണ്‍ഗ്രസിന്
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ വേറിട്ട നിലപാടുമായി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ്. നന്തിഗ്രാം നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് പാര്‍ട്ടി സ്ഥാനാര്‍ഥി അവസാന നിമിഷം പിന്മാറി. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാനാണ് മമതയുടെ തീരുമാനം. പശ്ചിമ ബംഗാളില്‍ രണ്ട് നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. അതിലൊന്നാണ് നന്തിഗ്രാം.
നന്തിഗ്രാമില്‍ 2021ല്‍ മമത ബാനര്‍ജി തോറ്റിരുന്നു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭവാനിപൂരിലും മമത തോറ്റു. തൃണമൂല്‍ കോണ്‍ഗ്രസ് രണ്ടായി പിളരുകയും ചെയ്തു. ഈ വേളയിലാണ് ഉപതിരഞ്ഞെടുപ്പ് വന്നതും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതും. ഇന്ന് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായിരുന്നു. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച വ്യക്തി ബിജെപി നേതൃത്വത്തെ കണ്ടതോടെയാണ്, കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ മമത തീരുമാനിച്ചത്.

മമത നന്തിഗ്രാമില്‍ സ്ഥാനാര്‍ഥിയായി തീരുമാനിച്ച സഞ്ചിത പ്രധാന്‍ ദേയ് ബിജെപി നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിയുമായി ചര്‍ച്ച നടത്തി. അപ്രതീക്ഷിതമായി നടന്ന ഈ കൂടിക്കാഴ്ചയാണ് മമതയുടെ പുതിയ തീരുമാനത്തിന് കാരണം. സഞ്ചിത പ്രധാന്‍ നേരത്തെ പത്രിക സമര്‍പ്പിച്ചിരുന്നു. ഇവര്‍ ബിജെപിയുമായി അടുക്കുന്നു എന്ന വിവരം ലഭിച്ചതോടെയാണ് മമത ട്രാക്ക് മാറ്റിയതും കോണ്‍ഗ്രസിന് പിന്തുണ നല്‍കിയതുമത്രെ.
മമതയുടെ പക്ഷവും വിമതരായ റിതബ്രത ബാനര്‍ജിയുടെ പക്ഷവും നന്തിഗ്രാമില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. മമത ബാനര്‍ജി പക്ഷം പിന്മാറുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ബിജെപി രണ്ടിടത്തും മല്‍സരിക്കുന്നുണ്ട്. മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് നന്തിഗ്രാമില്‍ നിന്ന് ജയിച്ചിരുന്നത്. ഭവാനിപൂരിലും അദ്ദേഹം ജയിച്ചതിനെ തുടര്‍ന്ന് നന്തിഗ്രാം ഒഴിഞ്ഞു. തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ഒക്ടോബര്‍ ആറിനാണ് നന്തിഗ്രാമില്‍ പോളിങ്. ഒക്ടോബര്‍ ഒമ്പതിന് വോട്ടെണ്ണും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി വ്യാഴാഴ്ച മമത ബാനര്‍ജി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ടിഎംസി മല്‍സരിക്കേണ്ടെന്ന് തീരുമാനിച്ചതും കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ധാരണയായതും. നേരത്തെ ഒരുമിച്ച് മുന്നോട്ട് പോകാമെന്ന മമത വിഭാഗത്തിന്റെ നിര്‍ദേശം കോണ്‍ഗ്രസ് തള്ളിയിരുന്നു.
ആരാണ് യഥാര്‍ഥ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന വിഷയത്തില്‍ തര്‍ക്കം രൂക്ഷമാണ്. ഇരുവിഭാഗവും അവകാശവാദം ഉന്നയിച്ചതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരും പൂവും പുല്ലും ഉള്‍പ്പെടുന്ന പാര്‍ട്ടി ചിഹ്നവും മരവിപ്പിച്ചു. ഇരുവിഭാഗത്തിനും ഇന്ന് പുതിയ പേരും ചിഹ്നവും അനുവദിക്കുകയും ചെയ്തു. ഈ വേളയിലാണ് സ്ഥാനാര്‍ഥി ബിജെപിയുമായി ചര്‍ച്ച നടത്തിയതും മല്‍സരിക്കാനില്ലെന്ന് മമത ബാനര്‍ജി പ്രഖ്യാപിച്ചതും.


Click it and Unblock the Notifications
