മമതാ ബാനര്‍ജിയും പ്രതിപക്ഷ സഖ്യത്തിലേക്ക്.... 22ന് മഹാസഖ്യത്തിന്റെ യോഗത്തിനെത്തും....
കൊല്‍ക്കത്ത: പ്രതിപക്ഷ ഐക്യത്തെ ഒന്നിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ ഫലം കാണുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയും സഖ്യത്തിന്റെ ഭാഗമാകാന്‍ ഒരുങ്ങുകയാണ്. 22ന് ചേരുന്ന മഹാസഖ്യത്തിന്റെ യോഗത്തില്‍ മമത പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിര്‍ണായകമായ പ്രഖ്യാപനം ബിജെപിക്ക് വലിയ തിരിച്ചടിയാണ്.
ബംഗാളില്‍ ആരെ വേണമെങ്കിലും സഖ്യത്തിന്റെ ഭാഗമാക്കാന്‍ മമത തയ്യാറുമാണ്. എന്നാല്‍ കോണ്‍ഗ്രസും സിപിഎമ്മും ഇതിനെ എതിര്‍ത്ത് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമാകാന്‍ ഇവര്‍ താല്‍പര്യം പ്രകടിപ്പിക്കില്ലെന്നായിരുന്നു സൂചന. എന്തായാലും മമതയുടെ വരവ് ചന്ദ്രബാബു നായിഡുവിന്റെ തന്ത്രങ്ങളുടെ വിജയം കൂടിയാണ്. ബംഗാള്‍ ഇത്തവണ പത്തിലധികം സീറ്റാണ് ബിജെപി ലക്ഷ്യമിടുന്നത്.

ചന്ദ്രബാബു നായിഡുവിന്റെ ആഹ്വാനം
ദക്ഷിണേന്ത്യയില്‍ നിന്നാണ് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കം ആരംഭിച്ചത്. ആദ്യം ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനെ കണ്ട ശേഷം അദ്ദേഹം പിന്തുണ തേടിയിരുന്നു. പിന്നീട് കുമാരസ്വാമിയെയും ദേവഗൗഡയെയും അദ്ദേഹം കണ്ടിരുന്നു. ഇതിന് ശേഷമാണ് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളോടും ബിജെപിക്കെതിരെ അണിനിരക്കാന്‍ ആവശ്യപ്പെട്ടത്. നവംബര്‍ 22ന് ഒരു യോഗം നടക്കുമെന്നും നായിഡു പ്രഖ്യാപിച്ചിരുന്നു.

ആരൊക്കെ പിന്തുണച്ചു
ടിഡിപിയുടെ ആഹ്വാനത്തിന് പിന്നാലെ ആംആദ്മി പാര്‍ട്ടിയും എന്‍സിപിയും ഇതിനെ പിന്തുണച്ചിരുന്നു. ഇവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. കോണ്‍ഗ്രസ് തങ്ങള്‍ക്കുള്ള പിന്തുണ ഡിഎംകെയെ അറിയിക്കുകയും ചെയ്തു. ഇതോടെ ഡിഎംകെയും സഖ്യത്തിലെത്തുമെന്ന സൂചന നല്‍കിയിട്ടുണ്ട്. ടിഡിപി നേതാക്കല്‍ അതിന് മുമ്പ് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിനെ കാണുന്നുണ്ട്. കഴിഞ്ഞ ദിവസം ശരത് യാദവുമായും നായിഡു ചര്‍ച്ച നടത്തിയിരുന്നു.

മമതയുടെ പിന്തുണ
അപ്രതീക്ഷിതമായിട്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമാകുന്നത്. കോണ്‍ഗ്രസും ബിജെപിയും ഇല്ലാത്ത മൂന്നാം മുന്നണിയായിരുന്നു അവര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷ ഐക്യം സാധ്യമല്ലെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതാണ് താനും യോഗത്തില്‍ പങ്കെടുക്കുമെന്ന് അവര്‍ അറിയിക്കാനുള്ള കാരണം. ചന്ദ്രബാബു നായിഡുവിന്റെ അടുത്തയാളുകള്‍ മമതയെ കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെത്തി കണ്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പിണക്കം മാറിയതെന്നാണ് സൂചന.

ബംഗാള്‍ കോണ്‍ഗ്രസിന്റെ നിലപാട്
ബംഗാള്‍ കോണ്‍ഗ്രസിന് മമതയുമായി ചേരുന്നതിനോട് യോജിപ്പില്ല. എന്നാല്‍ ദേശീയ നേതൃത്വത്തിന് സഖ്യമാവാമെന്നാണ്. അടുത്തിടെ മമതാ ബാനര്‍ജിയുമായി തെറ്റിയ ബംഗാള്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചത്. സഖ്യ സാധ്യതകള്‍ കോണ്‍ഗ്രസ് തന്നെ ഇല്ലാതാക്കിയെന്നാണ് മമതയുടെ അഭിപ്രായം. അതേസമയം മമത ദേശീയ തലത്തിലേക്ക് വരുന്നത് പ്രതിപക്ഷ ഐക്യത്തിന് ശരിക്കും കരുത്ത് പകരും.

സിപിഎമ്മും എത്തിയേക്കും
സിപിഎമ്മും സഖ്യത്തിലേക്ക് എത്തിയേക്കാന്‍ സാധ്യതയുണ്ട്. പ്രധാന പ്രശ്‌നം തൃണമൂലിന്റെ കടന്നുവരാണ്. അതേസമയം തമിഴ്‌നാട്ടില്‍ ഡിഎംകെയുമായി സിപിഎമ്മിന് സഖ്യമുണ്ട്. അവര്‍ പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമായാല്‍ സിപിഎമ്മിന് ഒരിക്കലും അതില്‍ നിന്ന് വിട്ട് നില്‍ക്കാനാവില്ല. സീതാറാം യെച്ചൂരിക്ക് കോണ്‍ഗ്രസ് ബന്ധവും തൃണമൂല്‍ ബന്ധവും വലിയ പ്രശ്‌നമുള്ളതല്ല. പ്രതിപക്ഷ ഐക്യത്തിനൊപ്പം നിന്നില്ലെങ്കില്‍ സിപിഎം ഇല്ലാതായി പോകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ അവരും സഖ്യത്തിലെത്താന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications