ദില്ലി ഇമാമിനെ പ്രാര്‍ത്ഥനക്കിടെ തീവച്ച് കൊല്ലാന്‍ ശ്രമം
ദില്ലി: ദില്ലി ജുമ മസ്ജിദിലെ ഷാഹി ഇമാമിനെ മണ്ണെണ്ണയൊഴിച്ച് തീവച്ച് കൊല്ലാന്‍ ശ്രമം. ഒക്ടോബര്‍ 26 ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. അക്രമിയെ കീഴടക്കി പോലീസില്‍ ഏല്‍പിച്ചു.
ദില്ലി ഇമാമായ സയ്യിദ് അഹമ്മദ് ബുഖാരിയാണ് ആക്രമണത്തിന് ഇരയായത്. പ്രാര്‍ത്ഥനക്കിടെയായിരുന്നു സംഭവം. മണ്ണെണ്ണ കാനുമായി ഓടിയെത്തിയ യുവാവ് ഇമാമിന് മേല്‍ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പ്രാർത്ഥനാഹാളിലുണ്ടായിരുന്ന മറ്റുള്ളവര്‍ ചേര്‍ന്ന് യുവാവിനെ കീഴടക്കി. പിന്നീട് പോലീസില്‍ ഏല്‍പിച്ചു.

പശ്ചിമ ബംഗാള്‍ സ്വദേശി കമാലുദ്ദീന്‍ എന്ന യുവാവാണ് ആക്രമണം നടത്തിയത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായാണ് പോലീസ് സംശയിക്കുന്നത്. ഇമാമിനെ വധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദില്ലിയിലെത്തിയതെന്ന് കമാലുദ്ദീന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
എന്നാല്‍ എന്തിനാണ് ഇമാമിനെ വധിക്കാന്‍ ശ്രമിച്ചതെന്ന് ഇയാള്‍ പറഞ്ഞിട്ടില്ല. സംഭവത്തില്‍ ഏറെ ദുരൂഹതകളുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇമാമിന്റെ സുരക്ഷ സംവിധാനങ്ങള്‍ ദുര്‍ബലമാണെന്നറിഞ്ഞുകൊണ്ടാണ് ആക്രമണം നടന്നിട്ടുള്ളതെന്ന് ഇമാമിന്റെ സഹോദരന്‍ താരിഖ് ബുഖാരി പറഞ്ഞു.
സയ്യിദ് ബുഖാരിയുടെ പിന്‍ഗാമിയായി പ്രഖ്യാപിച്ചിട്ടുള്ള മകന്‍ ഷബാന്‍ ബുഖാരിയും സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നു. അക്രമിയുടെ കയ്യില്‍ ഒരു ലൈറ്ററും തീപ്പെട്ടിയും ഉണ്ടായിരുന്നതായി ഷബാന്‍ പറയുന്നു.












Click it and Unblock the Notifications