ചികിത്സാ ചെലവ് താങ്ങാവുന്നതിനപ്പുറം; രോഗിയായ ഭാര്യയെ ഭര്‍ത്താവ് ജീവനോടെ അടക്കം ചെയ്തു
പനാജി: ഭാര്യയുടെ ചികിത്സാ ചെലവ് താങ്ങാവുന്നതിനുമപ്പുറമായപ്പോള്‍ ഭര്‍ത്താവ് രോഗിയായ ഭാര്യയെ ജീവനോടെ അടക്കം ചെയ്തു. നോര്‍ത്ത് ഗോവയിലാണ് സംഭവം. പ്രദേശത്തെ ജലസേചന കനാലിന്റെ നിര്‍മാണ സ്ഥലത്താണ് ഇയാള്‍ ഭാര്യയെ കുഴിച്ചിട്ടത്. രോഗിയായ ഭാര്യ തന്‍വിയെ ജീവനോടെ കുഴിച്ചിട്ട കുറ്റത്തിന് ഭർത്താവ് തുക്കാറാം ഷെത്ഗാവ്കറിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബിച്ചോലിം താലൂക്കയിലെ നര്‍വേം ഗ്രാമത്തിലെ തില്ലാരി ജലസേചന പദ്ധതി പ്രദേശത്ത് നിന്നാണ് തന്‍വിയുടെ മൃതദേഹം കണ്ടെടുത്തത്. നിര്‍മാണ പ്രവര്‍ത്തനത്തിനെത്തിയ തൊഴിലാളികളാണ് യുവതിയുടെ മൃതദേഹം ആദ്യം കാണുന്നത്. അതേസമയം തൊഴിലാളികള്‍ ആ സ്ഥലത്തേക്ക് പോകുന്നത് തടയാന്‍ പ്രതി ശ്രമിച്ചതായി പൊലീസ് പറയുന്നു. ബുധനാഴ്ച രാത്രിയാണ് യുവതിയെ അടക്കം ചെയ്തത്.

പലതരം ജോലികള്‍ ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്ന പ്രതിക്ക് ഭാര്യയുടെ ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ കഴിയാത്തതിനാലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 വകുപ്പ് പ്രകാരം കൊലപാതക കുറ്റത്തിനും 201 വകുപ്പ് പ്രകാരം കുറ്റകൃത്യത്തിന്റെ തെളിവുകള്‍ നശിപ്പിക്കലിനും കേസ് രജിസ്റ്റര്‍ ചെയ്തതായി ബിച്ചോലിം പൊലീസ് അറിയിച്ചു.












Click it and Unblock the Notifications