പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ പിന്തുണച്ച യുവാവ് മാപ്പ് പറഞ്ഞു; ഭാരത് മാതാ കീ ജയ് വിളിപ്പിച്ചു
കേസെടുത്തിട്ടില്ലെന്ന് ഗോവ പോലീസ് അറിയിച്ചു. ആരും പരാതി നല്‍കിയിട്ടില്ലെന്നും പോലീസ്

പനാജി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ പിന്തുണച്ച യുവാവിന്റെ വീഡിയോ വൈറലായതോടെ ഒരുസംഘം ആളുകളെത്തി മുട്ടുകുത്തി മാപ്പ് പറയിപ്പിച്ചു. ഗോവയിലെ കലന്‍ഗുട്ടയിലാണ് സംഭവം. ഈ സംഘം ഭാരത് മാതാ കീ ജയ് വിളിപ്പിക്കുകയും ചെയ്തു. വടക്കന്‍ ഗോവയിലെ ഗ്രാമമാണ് കലന്‍ഗുട്ട. ഇവിടെ കട നടത്തുന്ന വ്യക്തിയാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ പിന്തുണച്ചത്.
പാകിസ്താനും ന്യൂസിലാന്റും തമ്മിലായിരുന്നു മല്‍സരം. കഴിഞ്ഞ വര്‍ഷം എടുത്ത വീഡിയോ ഒരു ട്രാവല്‍ വ്‌ളോഗര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. അടുത്തിടെ ഇയാള്‍ ഇത് വീണ്ടും പോസ്റ്റ് ചെയ്തതോടെയാണ് വൈറലായത്. തുടര്‍ന്ന് വ്യാഴാഴ്ച ഒരുകൂട്ടം ആളുകള്‍ യുവാവിന്റെ കടയിലെത്തി ഭീഷണി മുഴക്കി. ഭാരത് മാതാ കീ ജയ് വിളിക്കണമെന്ന് ആവശ്യപ്പെട്ടു.
ഇവിടെ മുസ്ലിം പ്രദേശമെന്നോ മറ്റോ ഇല്ല. മതത്തിന്റെ പേരിലുള്ള വിഭജനം അനുവദിക്കില്ല എന്നും സംഘത്തിലുള്ളവര്‍ പറയുന്നത് പുതിയ വീഡിയോയില്‍ കേള്‍ക്കാം. യുവാവിനോട് മുട്ടുകുത്തി മാപ്പ് പറയിപ്പിക്കുന്ന വീഡിയോയും വൈറലായിട്ടുണ്ട്. ചെവിയില്‍ പിടിച്ചുകൊണ്ടാണ് യുവാവ് മാപ്പ് പറഞ്ഞത്. ഐ ലവ് ഇന്ത്യ എന്നും പറയിപ്പിച്ചു. പരാതി ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.
വ്‌ളോഗര്‍ പങ്കുവച്ച വീഡിയോയില്‍ എന്തുകൊണ്ട് നിങ്ങള്‍ പാകിസ്താനെ പിന്തുണയ്ക്കുന്നു എന്ന് ചോദിക്കുന്നുണ്ട്. മുസ്ലിം പ്രദേശമായതിനാലാണ് പിന്തുണയ്ക്കുന്നത് എന്നായിരുന്നു മറുപടി. ഈ വീഡിയോ കണ്ടാണ് ചിലര്‍ യുവാവിന്റെ കടയിലെത്തിയത്. തുടര്‍ന്ന് ഇയാള്‍ മാപ്പ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ നീക്കം ചെയ്യണമെന്നും യുവാവിന്റെ ജീവന് ഭീഷണിയുണ്ടാകുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കി കമന്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications