അനുവാദം കൂടാതെ എയര്‍ഹോസ്റ്റസിനൊപ്പം സെല്‍ഫിയെടുത്ത യാത്രക്കാരന് പണികിട്ടി!
മുംബൈ: സെല്‍ഫിക്ക് വേണ്ടി ആളുകള്‍ സഹിക്കുന്ന ത്യാഗങ്ങള്‍ പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്. ഓടുന്ന ട്രെയിനില് മുന്നില്‍ വെച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച് മരിച്ചവരും സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ വെടി പൊട്ടി മരിച്ചവരുമെല്ലാം ഇഷ്ടം പോലെ. ഇപ്പോഴിതാ ഗുജറാത്തില്‍ നിന്നുള്ള 29കാരനും സെല്‍ഫി കാരണം വാര്‍ത്തയായിരിക്കുന്നു. വിമാനത്തില്‍ വെച്ച് ഒരു സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതിനാണ് ഇയാള്‍ അറസ്റ്റിലായിരിക്കുന്നത്.
ജെറ്റ് എയര്‍വേയ്‌സില്‍ യാത്ര ചെയ്യവേ അനുവാദമില്ലാതെ എയര്‍ഹോസ്റ്റസിനൊപ്പം സെല്‍ഫിയെടുത്തതിനാണ് ഗുജറാത്ത് സ്വദേശിയായ മുഹമ്മദ് അബൂബക്കറിനെ പോലീസ് അറസ്റ്റ് ചെയ്തത്. എയര്‍ഹോസ്റ്റസ് ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ച് സെല്‍ഫിയെടുക്കുകയായിരുന്നു. എയര്‍ഹോസ്റ്റസിനെ അപമാനിച്ചതിനാണ് ഇയാളെ പിടികൂടിയത്.

ഇത് മാത്രമല്ല, ഇയാള്‍ വിമാനത്തിലെ ടോയ്‌ലെറ്റിനകത്തിരുന്ന് പുകവലിക്കുകയും ചെയ്തതായി പരാതിയുണ്ട്. ദമാമില്‍ നിന്നും മുംബൈയിലേക്കുള്ള ജെറ്റ് എയര്‍വേയ്‌സിലായിരുന്നു യാത്രക്കാരന്റെ പരാക്രമങ്ങള്‍. വിമാനം മുംബൈ ഛത്രപതി വിമാനത്താവളത്തില്‍ ഇറങ്ങിയതും ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിമാനത്തിലൂടെ താന്‍ നടക്കുമ്പോള്‍ തന്റെ പിടിച്ച് വലിച്ച് ചേര്‍ത്ത് നിര്‍ത്തി സെല്‍ഫി എടുക്കുകയായിരുന്നു എന്ന് എയര്‍ഹോസ്റ്റസ് പരാതിയില്‍ പറഞ്ഞു.
എയര്‍ഹോസ്റ്റസ് ബഹളം വെച്ചതോടെ കാബിന്‍ ക്രൂ മെംബര്‍മാര്‍ രക്ഷയ്‌ക്കെത്തുകയായിരുന്നു. ഇവരെ കണ്ട അബൂബക്കര്‍ ടോയ്‌ലെറ്റിനകത്ത് കയറി സിഗരറ്റ് വലിക്കുകയായിരുന്നു. വിമാനത്തില്‍ വെച്ച് പുകവലിക്കരുതെന്ന് ഇയാളോട് പറഞ്ഞെങ്കിലും കേട്ടില്ല. ഐ പി സിയിലെ വിവിധ വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ പോസീല് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.












Click it and Unblock the Notifications