മരിച്ച കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി ബസ്സിൽ വീട്ടിലേക്ക്, കണ്ണീർക്കാഴ്ചയായി യുവാവ്
ഭോപ്പാല്‍: കാത്തിരുന്ന് കിട്ടിയ കുഞ്ഞിന്റെ ചലനമറ്റ ശരീരം ബാഗിലാക്കി ബസ്സില്‍ കൊണ്ട് പോകേണ്ടി വന്ന ഒരച്ഛന്‍. മധ്യപ്രദേശിലെ ജബല്‍പ്പൂരിലാണ് ഈ കണ്ണീര്‍ക്കാഴ്ച. തന്റെ മരണപ്പെട്ട കുഞ്ഞിന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ആശുപത്രിയില്‍ നിന്ന് വാഹനം അനുവദിക്കാതിരുന്നത് കാരണം ബസ്സില്‍ കൊണ്ട് പോകേണ്ടി വന്നു എന്നാണ് സുനില്‍ ദുര്‍വേ എന്ന യുവാവ് ആരോപിക്കുന്നത്.
ജൂണ്‍ 15നായിരുന്നു സംഭവമെന്ന് സുനില്‍ പറയുന്നു. ജബല്‍പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുനിലിന്റെ മകന്‍ മരിച്ചത്. രക്ഷിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നുവെന്നും ആരോഗ്യസ്ഥിതി വളരെ മോശമായത് കൊണ്ട് കുഞ്ഞിനെ അവിടെ നിന്ന് കൊണ്ട് പോകരുതെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ പറയുന്നു.

ദിണ്ഡോരി ജില്ലയിലെ സഹജ്പുരി സ്വദേശിയാണ് സുനില്‍ ദുര്‍വേ. സുനിലിന്റെ ഭാര്യ ജാംമ്‌നി ഭായ് ജൂണ്‍ 13നാണ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു പ്രസവം. എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായത് കാരണം ഡോക്ടര്‍ ജബല്‍പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് വിട്ടു.
നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് കുഞ്ഞിനെ കൊണ്ടുപോയത്. അവിടെ ചികിത്സയിലിരിക്കെ കുഞ്ഞ് മരണപ്പെട്ടു. കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാന്‍ ആശുപത്രി വാഹനം അനുവദിച്ചില്ലെന്നും സ്വന്തമായി വാഹനം വിളിക്കാനുളള പണമില്ലാത്തത് കാരണം കുഞ്ഞിന്റെ ശരീരം ബസ്സില്‍ കൊണ്ട് പോകേണ്ടി വന്നുവെന്നും സുനില്‍ പറയുന്നു.












Click it and Unblock the Notifications