ഭൂമി തർക്കം: സഹോദരനെ ട്രാക്ടർ കയറ്റി കൊന്നു, ട്രാക്ടർ ദേഹത്ത് കയറ്റിയിറക്കിയത് 8 തവണ
ജയ്പൂര്‍: രാജസ്ഥാനില്‍ ഭൂമി തര്‍ക്കത്തിന്റെ പേരില്‍ സഹോദരനെ ട്രാക്ടര്‍ കയറ്റി കൊന്നു. ഭരത്പൂരിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. നിര്‍പത് എന്നയാളെയാണ് സഹോദരന്‍ ദാമോദര്‍ കൊലപ്പെടുത്തിയത്. നാട്ടുകാരും ബന്ധുക്കളും അടക്കമുളളവര്‍ നോക്കി നില്‍ക്കേ 8 തവണയാണ് സഹോദരന് മേല്‍ ദാമോദര്‍ ട്രാക്ടര്‍ കയറ്റിയിറക്കിയത് എന്ന് പോലീസ് പറയുന്നു.
ദാമോദറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നടുക്കുന്ന കൊലപാതകത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഭാരത്പൂരിലെ ഭൂമിയുടെ പേരില്‍ ഏറെ നാളുകളായി ബഹാദൂര്‍ സിംഗിന്റെയും അദര്‍ സിംഗിന്റെയും കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇന്ന് രാവിലെ ബഹാദൂര്‍ സിംഗിന്റെ കുടുംബം ട്രാക്ടറുമായി തര്‍ക്കഭൂമിയിലെത്തി. കുറച്ച് കഴിഞ്ഞ് അദര്‍ സിംഗിന്റെ കുടുംബവും സ്ഥലത്ത് എത്തി.

പിന്നാലെ ഇരുകൂട്ടരും വഴക്കിലേക്കും കയ്യാങ്കളിയിലേക്കും നീങ്ങി. വടിയും കല്ലും അടക്കം ഉപയോഗിച്ച് ഇരുകൂട്ടരും പരസ്പരം ആക്രമിച്ചു. സ്ഥലത്ത് നിന്ന് വെടിയൊച്ച കേട്ടിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. അടിപിടി നടക്കുന്നതിനിടെ അദര്‍ സിംഗിന്റെ മകനായ നിര്‍പത് നിലത്ത് വീണു. ഈ സമയത്ത് ദാമോദര്‍ നിര്‍പതിന്റെ ദേഹത്ത് കൂടി ട്രാക്ടര്‍ കയറ്റിയിറക്കുകയായിരുന്നു. കുടുംബാഗങ്ങള്‍ ദാമോദറിനെ തടയാന്‍ ശ്രമിച്ചുവെങ്കിലും നിര്‍പതിന്റെ മരണം ഉറപ്പാക്കുന്നത് വരെ അയാള്‍ ട്രാക്ടര്‍ മുന്നോട്ടും പിന്നോട്ടും എടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
സംഘര്‍ഷത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊലപാതകത്തിന് കേസ് രജസ്റ്റര്‍ ചെയ്ത് പോലീസ് നാല് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. നേരത്തെയും രണ്ട് കുടുംബങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നതായി പോലീസ് പറയുന്നു 5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കയ്യാങ്കളിയില്‍ ബഹാദൂര്‍ സിംഗിനും ഇളയ സഹോദരനായ ജനകിനും പരിക്കേറ്റിരുന്നു. നിര്‍പത് അടക്കമുളളവര്‍ക്കെതിരെ അന്ന് ബഹാദൂര്‍ സിംഗിന്റെ കുടുംബം പോലീസില്‍ പരാതി കൊടുത്തിരുന്നു.












Click it and Unblock the Notifications