കുട്ടികളെ തട്ടികൊണ്ടുപോകാനെത്തിയെന്ന് സംശയം; 70 കാരനെ ആള്‍ക്കൂട്ടം അടിച്ച് കൊന്നു
റാഞ്ചി: വീണ്ടും ആള്‍ക്കൂട്ട ആക്രമണം. കുട്ടികളെ തട്ടികൊണ്ടുപോകാനെത്തിയ ആളെന്ന് സംശയിച്ച് 70 കാരനെ ജനക്കൂട്ടം അടിച്ച് കൊന്നു. ജാര്‍ഖണ്ഡിലെ സഹീബ്ഗഞ്ച് ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല.

സഹീബ് ഗഞ്ചിലെ കുച്ചി പഹാരിയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. മലയോര മേഖലയില്‍ ഔഷദ സസ്യങ്ങള്‍ ശേഖരിക്കാന്‍ എത്തിയതായിരുന്നു കൊല്ലപ്പെട്ട 70 കാരന്‍. ഇയാള്‍ മടങ്ങവേയാണ് കുട്ടികളെ തട്ട് കൊണ്ടുപോകാന്‍ എത്തിയ ആളാണെന്ന് ആരോപിച്ച് ജനക്കൂട്ടം ആക്രമിച്ചത്.
സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി എസ്പി ഹൃദീപ് പി ജനാര്‍ദ്ദനന്‍ പറഞ്ഞു. ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയാണ് 70 കാരന്‍ മരിച്ചത്. അയാളുടെ ശരീരത്തിൽ പരിക്കേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകൂവെന്നും പോലീസ് പറഞ്ഞു.
വ്യാജവാര്‍ത്തകള്‍ വിശ്വസിച്ചാണ് പലപ്പോഴും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടക്കുന്നതെന്നും ഇതിനെതിരെ ഗ്രാമവാസികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനുള്ള തീവ്ര ശ്രമത്തിലാണെന്നും എസ്പി വ്യക്തമാക്കി. അതേസമയം പഹാരിയില്‍ ഗോത്ര വിഭാഗങ്ങളാണ് കൂടുതല്‍ ഉള്ളതെന്നും ഇവര്‍ക്ക് ഹിന്ദി മനസിലാകില്ലെന്നും ഇക്കാര്യത്തിൽ അവബോധം സൃഷ്ടിക്കുന്നതിന് ഞങ്ങൾ ഗ്രാമത്തലവന്മാരെയും മറ്റ് ആളുകളെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എസ്പി പറഞ്ഞു.
ബുധനാഴ്ച മറ്റൊരു വയോധികനും സ്ത്രീയും ഇത്തരത്തില്‍ റാഞ്ചിയില്‍ ആക്രമിക്കപ്പെട്ടിരുന്നു. കുട്ടികളെ തട്ടികൊണ്ടു പോകാനെത്തിയവര്‍ എന്നാരോപിച്ചായിരുന്നു ആക്രമണം. എന്നാല്‍ പോലീസ് യഥാസമയം ഇടപെട്ട് ഇരുവരേയും രക്ഷപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications