തുറിച്ചു നോക്കിയ യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തി
ഭോപ്പാല്‍: തുറിച്ചുനോക്കിയെന്ന കാരണത്താല്‍ യുവാവിനെ നാട്ടുകാരന്‍ വെടിവെച്ചു കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഐഷ്ബാഗ് മേഘലയില്‍ കഴിഞ്ഞദിവസമാണ് സംഭവം അരങ്ങേറിയത്. സല്‍മാന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രദേശവാസിയായ ഷദാബ് കസായി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ ഒട്ടേറെ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
തുറിച്ചു നോക്കിയെന്ന് ആരോപിച്ച് ഷദാബ് കസായി സല്‍മാനുമായി വഴക്കുണ്ടാക്കുകയായിരുന്നു. വഴക്ക് കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ ഷദാബ് കൈയ്യിലുണ്ടായിരുന്ന തോക്കുകൊണ്ട് സല്‍മാനെ വെടിവെച്ചു. തലയ്ക്ക് വെടിയേറ്റ സല്‍മാനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമിതമായ രക്തസ്രാവമാണ് മരണത്തിന് ഇടയാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഷബാദിനെ സല്‍മാന്‍ പലവട്ടം എതിര്‍ത്തിരുന്നു. ഇതും കൊലപാതകത്തിന് കാരണമായതായി പോലീസ് പറഞ്ഞു. അതേസമയം, തന്നെ കത്തികൊണ്ട് കുത്താന്‍ ശ്രമിച്ചപ്പോഴാണ് വെടിയുതിര്‍ത്തതെന്നാണ് ഷബാദിന്റെ വാദം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഐഷ്ബാഗില്‍ കൊലപാതകം തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞ ആഴ്ച ഒരു സ്ത്രീയെയും മകളെയും യുവാവ് കൊലപ്പെടുത്തിയിരുന്നു. മൊബൈല്‍ ഫോണിന്റെ പണം നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഇരുവരെയും കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications