ഷഹീൻബാഗിലെ പ്രതിഷേധപ്പന്തലിൽ ആയുധധാരി: തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി, പ്രതിഷേധക്കാർ പിടികൂടി!!
ദില്ലി: ഷഹീൻ ബാഗിലെ സമരപ്പന്തലിൽ തോക്കുമായെത്തിയ അജ്ഞാതനെ സമരക്കാർ പിടികൂടി. പ്രതിഷേധക്കാർക്കെതിരെ തോക്കു ചൂണ്ടിയതോടെ ഇയാളെ സമരക്കാർ പിടികൂടുകയായിരുന്നു. പൌരത്വ നിയമ ഭേദഗതിക്കും ദേശീയ പൌരത്വ രജിസ്റ്ററിനുമെതിരെ സമരം നടക്കുന്ന ഷഹീൻബാഗിൽ സമരക്കാരെ കാരണമമെന്ന ആവശ്യവുമായാണ് ഇയാൾ സമരപ്പന്തലിലെത്തിയത്. ചൊവ്വാഴ്ചയാണ് സംഭവം. പ്രതിഷേധക്കാർ ഇവിടെ നിന്ന് ഒഴിഞ്ഞു പോകണമെന്നും ഇയാൾ ആവശ്യപ്പെടുകയായിരുന്നു. പ്രതിഷേധപ്പന്തലിലെത്തിയ രണ്ട് പേരിൽ ഒരാളുടെ കയ്യിലായിരുന്നു തോക്കുണ്ടായിരുന്നത്.
എന്നാൽ തങ്ങൾക്ക് രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടെന്ന് ഇയാൾ അവകാശപ്പെട്ടുവെന്നും പ്രതിഷേധക്കാർ സാക്ഷ്യപ്പെടുത്തുന്നു. വൈകിട്ട് മൂന്ന് മണിയോടെ ഷഹീൻബാഗിലെത്തിയ ഇവർ സ്റ്റേജിന് മുകളിൽ കയറി നിന്ന് പ്രക്ഷോഭം അവസാനിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. തോക്ക് പിടിച്ച് വാങ്ങിയ പ്രതിഷേധക്കാർ ഇയാളെ മർദ്ദിച്ചെന്നാണ് മാധ്യമറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

എന്നാൽ സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നാണ് ദില്ലി പോലീസ് ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്ത് പൌരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം അരങ്ങേറുന്ന പ്രദേശമായി ഷഹീൻബാഗ് നേരത്തെ തന്നെ മാറിക്കഴിഞ്ഞിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് ദിവസേന പ്രതിഷേധ പന്തലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ സിഎഎ വിരുദ്ധ പ്രക്ഷോഭം ഗതാഗത തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു.












Click it and Unblock the Notifications