നിര്‍ഭയ കേസിലെ പ്രതിയെ വിട്ടയക്കുന്നു; ദില്ലിയില്‍ വന്‍ പ്രതിഷേധം
ദില്ലി: രാജ്യത്തെ പിടിച്ചുകുലുക്കിയ ദില്ലി കൂട്ട ബലാത്സംഗക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയക്കാനുള്ള ദില്ലി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധം. മൂന്നുവര്‍ഷത്തെ ശിക്ഷാ കാലാവധി തീരാന്‍ ഒരുമാസം ബാക്കിയുള്ളപ്പോഴാണ് ദില്ലി സര്‍ക്കാര്‍ പ്രതിയെ വിട്ടയക്കാന്‍ ഒരുങ്ങുന്നത്. കേന്ദ്രമന്ത്രി മനേക ഗാന്ധി അടക്കുമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തി.
കാലാവധി തീരുംമുന്‍പ് യുവാവിനെ വിട്ടയക്കുന്നത് ഇയാള്‍ക്കെതിരെയുള്ള ആക്രമണം ഭയന്നാണെന്നാണ് സര്‍ക്കാരിന്റെ വാദം. കാലാവധി തീരുന്നതോടെ പ്രതി മോചിതനാകുന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയാകുമെന്നും ഇത് പ്രതിയുടെ ജീവന് ഭീഷണിയായേക്കുമെന്നും ദില്ലി സര്‍ക്കാര്‍ പറയുന്നു. എന്നാല്‍, പെണ്‍കുട്ടിയുടെ മാതാപിതാക്കളും സര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രതിഷേധിച്ചു.

പെണ്‍കുട്ടിയെ ഏറ്റവും കൂടുതല്‍ ആക്രമിച്ചതും ക്രൂരമായി ബലാത്സംഗം ചെയ്തതും പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളിയായിരുന്നു. എന്നാല്‍, നിയമത്തിന്റെ മറപറ്റി കേവലം 3 വര്‍ഷത്തെ പരമാവധി ശിക്ഷമാത്രമാണ് പ്രതിക്ക് ലഭിച്ചത്. പ്രതിയെ ജുവനൈല്‍ ഹോമിലാണ് ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്നത്.
അതേസമയം, തന്നെ മോചിപ്പിക്കരുതെന്നാണ് പ്രതിയുടെ ആവശ്യം. പുറത്തെത്തിയാല്‍ കൊല്ലപ്പെടുമെന്ന് ഭയത്തെ തുടര്‍ന്നാണിത്. പ്രതിയെ മോചിപ്പിച്ചാലും ഇയാളെ നിരീക്ഷിക്കണമെന്ന് വനിത-ശിശു ക്ഷേമ മന്ത്രി മനേക ഗാന്ധി പ്രതികരിച്ചു. ബലാത്സംഗം ചെയ്യുമ്പോള്‍ 18 വയസ് തികയാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുണ്ടായിരുന്ന ഇയാള്‍ക്ക് ഇപ്പോള്‍ 20 വയസായി.












Click it and Unblock the Notifications