പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; പെണ്‍കുട്ടിക്കും കൂട്ടുകാരികള്‍ക്കും നേരെ ആസിഡാക്രമണം, മലയാളി യുവാവ് പിടിയില്‍
മംഗളൂരു: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് കോളജ് വിദ്യാര്‍ഥിനികള്‍ക്കു നേരെ ആസിഡ് ആക്രമണം. മംഗളൂരുവിലാണ് സംഭവം. കര്‍ണാടകയില്‍ പഠിക്കുന്ന കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് മലയാളി യുവാവിന്റെ ആസിഡ് ആക്രമണം. മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ അഭിന്‍ ആണ് വിദ്യാര്‍ത്ഥിനികള്‍ക്ക് മേല്‍ ആസിഡൊഴിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പരിക്കേറ്റവരും മലയാളികളാണ് എന്നാണ് വിവരം. പരീക്ഷാ ഹാളില്‍ പ്രവേശിക്കാനൊരുങ്ങിയ പെണ്‍കുട്ടികള്‍ക്ക് നേരെയാണ് ആസിഡ് ആക്രമണം നടത്തിയത്. ഗുരുതരാവസ്ഥയില്‍ കഡാബ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂവരെയും വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ദക്ഷിണ കന്നഡ ജില്ലയിലെ കഡാബ ഗവണ്‍മെന്റ് കോളജില്‍ വെച്ചാണ് വിദ്യാര്‍ഥിനികള്‍ ആക്രമിക്കപ്പെട്ടത്.

കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയെ ആണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. ഇതിനിടെ ഒപ്പമുണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികളുടെയും ദേഹത്തും ആസിഡ് വീഴുകയായിരുന്നു. ഒരു പെണ്‍കുട്ടിയുടെ മുഖത്ത് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ബൈക്കില്‍ കോളജിലെത്തിയ അഭിന്‍ മാസ്‌കും തൊപ്പിയും ധരിച്ചാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അഭിനെ വിദ്യാര്‍ഥികളും കോളജ് അധികൃതരും ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
പ്ലസ് ടുവിന് തത്തുല്യമായ സെക്കന്‍ഡറി പി യു സി പരീക്ഷയ്ക്കായി കോളജിന്റെ ബാല്‍ക്കണിയില്‍ ഇരുന്ന് തയാറെടുക്കുകയായിരുന്നു ആക്രമണത്തിനിരയായി വിദ്യാര്‍ത്ഥിനികള്‍. പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പാണ് അഭിന്‍ ആക്രമിക്കുന്നത്. സംഭവത്തില്‍ അഭിനെതിരെ ഐ പി സി സെക്ഷന്‍ 326 ( എ ) പ്രകാരം കേസെടുത്തിട്ടുണ്ട് എന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയാല്‍ പോക്സോ വകുപ്പുകള്‍ ചുമത്തുമെന്നും പൊലീസ് പറഞ്ഞു.
ആക്രമണത്തിനിരയായ പെണ്‍കുട്ടികള്‍ 17 കാരികളാണ്. കോളേജ് യൂണിഫോം ധരിച്ചാണ് പ്രതി സ്ഥലത്തെത്തിയത് എന്നും ഇയാള്‍ക്ക് യൂണിഫോം നല്‍കിയത് ആരാണെന്ന് അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. അതേസമയം സംഭവത്തില്‍ വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ അതീവ ഉത്കണ്ഠ രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്തു. സമഗ്രമായ അന്വേഷണം വേണമെന്നും മന്ത്രി പറഞ്ഞു.
'പൊലീസ് സമഗ്രമായ അന്വേഷണം നടത്തുകയാണ്. പരിക്കേറ്റ പെണ്‍കുട്ടികളുടെ തിരിച്ചുവരവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. സ്ത്രീകളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ഞങ്ങളുടെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്,' മന്ത്രി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications