ബെംഗളൂരുവിന്റെ എതിരാളിയോ, പകരക്കാരനോ? ടെക് കമ്പനികളെ ആകര്‍ഷിച്ച് ഈ തീരദേശ നഗരം: തൊഴിലവസരങ്ങളും
ബെംഗളൂരു: ഇന്ത്യയുടെ ഐടി ഹബ്ബുകളില്‍ ഏറ്റവും മുന്നിലുള്ളത് ബെംഗളൂരുവാണ്. ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്ന പേര് ബെംഗളൂരുവിന് മാത്രം അവകാശപ്പെട്ടതാണ്. നിരവധി ഐടി പ്രൊഫഷണലുകളുടെ സ്വപ്‌നനഗരം കൂടിയാണിത്. എന്നാല്‍ ഇപ്പോള്‍തന്നെ ജനസാന്ദ്രതയേറിയ ടെക് നഗരത്തില്‍ സ്ഥലപരിമിതി ഒരു വലിയ പ്രതിസന്ധിയാണ്. ഇതുകൂടാതെയാണ് ഉയര്‍ന്ന ജീവിതച്ചെലവും ട്രാഫിക് കുരുക്കും. ഈ സാഹചര്യത്തില്‍ ബെംഗളൂരുവിന് ബദലായി മറ്റു നഗരങ്ങളുടെ സാധ്യതകള്‍ തേടുന്ന കമ്പനികളുണ്ട്. നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് അകന്ന്, എന്നാല്‍ നഗരത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന സ്ഥലങ്ങളാണ് കമ്പനികള്‍ തേടുന്നത്.
ബെംഗളൂരുവിന്റെ തിരക്കുകളില്‍ നിന്ന് മാറിയുള്ള തീരദേശ നഗരമായ മംഗളൂരു ഇന്ത്യയുടെ പുതിയ ടെക് ഹബ്ബായി അതിവേഗം വളരുകയാണ്. സ്റ്റാര്‍ട്ടപ്പുകളെയും ജിസിസികളെയും ആകര്‍ഷിക്കുന്ന ഒരു ടെക് ഹബ്ബായി മംഗളൂരു വളര്‍ന്നുവരികയാണ്. ശാന്തമാണെങ്കിലും വ്യവസായങ്ങള്‍ക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ട്. ബെംഗളൂരുവിന് പകരക്കാരനായല്ല, മറിച്ച് അതിന് കരുത്തുപകരുന്ന ഒരു 'പ്ലസ് വണ്‍' കേന്ദ്രമായാണ് മംഗളൂരു ടെക് ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നത്. ബെംഗളൂരുവിന്റെ നിലവിലുള്ള പരിമിതികള്‍ പരിഹരിക്കാന്‍ മംഗളൂരുവിന് കഴിയുന്നു.

നിലവില്‍ നാല്‍പ്പതിലധികം സ്ഥാപനങ്ങളിലായി എണ്ണായിരത്തോളം പുതിയ തൊഴിലവസരങ്ങള്‍ ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഐടി മേഖലയിലെ ആകെ തൊഴിലാളികളുടെ എണ്ണം 26,000-ത്തിന് മുകളില്‍ വരും. മറ്റ് മെട്രോ നഗരങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പ്രവര്‍ത്തനച്ചെലവ്, തൊഴില്‍ നൈപുണ്യമുള്ള യുവാക്കളുടെ ലഭ്യത, ഉയര്‍ന്ന ജീവിതനിലവാരം എന്നിവയാണ് സ്റ്റാര്‍ട്ടപ്പുകളെയും ആഗോള കമ്പനികളെയും ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ഐടി വിദഗ്ധര്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്നതും ഈ വളര്‍ച്ചയ്ക്ക് വലിയ കരുത്തേകുന്നു. ഡാറ്റാ സെന്ററുകളുടെ വിപുലീകരണവും അന്താരാഷ്ട്ര കമ്പനികളുടെ സാന്നിധ്യവും മംഗളൂരുവിനെ ഒരു പ്രധാന ഇന്നൊവേഷന്‍ ഹബ്ബാക്കി മാറ്റിക്കഴിഞ്ഞു.
മണിപ്പാല്‍, ഉഡുപ്പി, മംഗളൂരു മേഖലകളെ ഒരു ക്ലസ്റ്ററായി വികസിപ്പിക്കാനാണ് കര്‍ണാടക സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നൈപുണ്യ വികസനം, പുതിയ ടെക് പാര്‍ക്കുകള്‍, കോ-വര്‍ക്കിങ് സ്‌പേസുകള്‍ക്കുള്ള സബ്സിഡികള്‍ എന്നിവയിലൂടെ നഗരത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുമെന്ന് ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ വ്യക്തമാക്കി. ശാന്തമായ തീരദേശ അന്തരീക്ഷത്തിനൊപ്പം ആധുനിക സാങ്കേതിക വിദ്യയും സമ്മേളിക്കുന്ന മംഗളൂരു, ഭാവിയിലെ സുസ്ഥിരമായ ഒരു ടെക് ബദലായി മാറുമെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ പ്രതീക്ഷ.












Click it and Unblock the Notifications