മംഗളൂരു സംഘര്‍ഷം: വടക്കന്‍ കേരളത്തില്‍ ജാഗ്രത നിര്‍ദ്ദേശം, കൂടുതല്‍ പൊലീസിനെ വിന്യസിച്ചു
മംഗളൂരു : സൂറത്കലില്‍ യുവാവിനെ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ വടക്കന്‍ കേരളത്തില്‍ കടുത്ത ജാഗ്രത നിര്‍ദ്ദേശം. കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നീ ജില്ലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. അതിര്‍ത്തി മേഖലകളില്‍ കര്‍ശന പരിശോധനയാണ് നടക്കുന്നത് . കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സൂറത്കലില്‍ തുണിക്കട നടത്തുന്ന മംഗലപ്പെട്ട സ്വദേശി ഫാസില്‍ കൊല്ലപ്പെട്ടത് . കടയുടെ മുന്നില്‍ വച്ച് ഫാസിലിനെ ആക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു .

മങ്കി ക്യാപ് ധരിച്ചെത്തിയ സംഘമാണ് കൊലപ്പെടുത്തിയത്. വെട്ടിവീഴ്ത്തിയ ശേഷം സംഘം കടയും ആക്രമിച്ചു. ഈ സമയത്ത് കടയിലുണ്ടായവര്‍ പുറത്തേക്ക് ഇറങ്ങിയെങ്കിലും ആക്രമി സംഘം ഇവരെ മാരകായുധനങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ആക്രമികള്‍ എത്തിയ കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ലെങ്കിലും ജൂലൈ 26 ന് വൈകുന്നേരം ജില്ലയിലെ സുള്ള്യ മേഖലയില്‍ നടന്ന ബിജെപി യുവ പ്രവര്‍ത്തകന്റെ കൊലപാതകവുമായി പരോക്ഷമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു.

അതേസമയം, കൊലയാളികളെ ഇതുവരെ തിരിച്ചറിയാനായില്ലെന്നാണ് വിവരം. പ്രതികള്‍ എത്തിയ കാറിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതെന്നും നാലംഗ സംഘമാണ് കൊലയ്ക്ക് പിന്നിലെന്നും പൊലീസ് പറയുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് മംഗളൂരു കേന്ദ്രീകരിച്ച് ക്യാമ്പ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇതിനിടെ രണ്ട് ദിവസം മുമ്പ് മരിച്ച യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണിന്റെ കൊലപാതകത്തിലും അന്വേഷണം തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് വിവരം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ഏറ്റവും ഒടുവിലായി രണ്ട് പേരാണ് അറസ്റ്റിലായത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ സാക്കിര്‍, മുഹമ്മദ് ഷെഫിക്ക് എന്നിവരാണ് അറസ്റ്റിലായത്. കേരള അതിര്‍ത്തിയായ ബെള്ളാരയില്‍ നിന്നാണ് ഇരുവരും അറസ്റ്റിലായത്.

കര്‍ണാടകത്തിലെ ഹസന്‍ സ്വദേശിയാണ് സാക്കിര്‍. സാക്കിറിനെതിരെ നേരത്തെയും കേസുകളുണ്ട്. പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകികള്‍ എത്തിയെന്ന് സംശയിക്കുന്ന ബൈക്ക് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കേരള രജിസ്‌ട്രേഷനുള്ള ബൈക്കാണ് കസ്റ്റഡിയിലുള്ളത്.

യുവമോര്‍ച്ച പ്രവര്‍ത്തകന്റെ മരണത്തിന്, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന നിസ്സാര പ്രശ്‌നത്തിന്റെ പേരില്‍ ഹിന്ദുത്വ ഗ്രൂപ്പുകളുമായി ബന്ധമുള്ളവര്‍ ജൂലൈ 19 ന് 18 കാരനായ മസൂദ് ബി എന്ന യുവാവിനെ കൊലപ്പെടുത്തിയതുമായി ഇതിന് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മംഗളൂരുവും പരിസരത്തും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ജൂലൈ 26ന് രാത്രിയാണ് ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെല്ലാരെ ഗ്രാമത്തില്‍ ബൈക്കിലെത്തിയ അക്രമികള്‍ പ്രവീണിനെ വെട്ടിക്കൊന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് 15 ലധികം പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി ദക്ഷിണ കന്നഡ ജില്ലയിലെ പോലീസ് സൂപ്രണ്ട് ഋഷികേശ് ഭഗവാന്‍ സോനവാനെ പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായും തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായും എഡിജിപി അലോക് കുമാര്‍ പറഞ്ഞു.

അതിനിടെ, ദക്ഷിണ കന്നഡ ജില്ലയിലെ ബിജെപി യുവനേതാവ് പ്രവീണ്‍ നെട്ടാറിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് ( എന്‍ ഐ എ) കൈമാറണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ സഹമന്ത്രി ശോഭ കരന്ദ്ലാജെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.












Click it and Unblock the Notifications