2017 ആവർത്തിക്കാതിരിക്കാൻ മണിപ്പൂരിൽ തിരക്കിട്ട നീക്കവുമായി കോൺഗ്രസ്; 3 നിരീക്ഷരെ അയച്ചു
ദില്ലി; 2017 ന് സമാനമായി മണിപ്പൂരിൽ ഇത്തവണയും തൂക്കു സഭ സാധ്യതയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിരിക്കുന്നത്. ഇതോടെ സർക്കാർ രൂപീകരണ നീക്കങ്ങൾക്ക് വേഗം കൂട്ടിയിരിക്കുകയാണ് പാർട്ടികൾ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടി ആവർത്തിക്കാതിരിക്കാൻ മണിപ്പൂരിൽ അധികാരം നേടാനുള്ള തന്ത്രങ്ങൾ നേരത്തേ തന്നെ മെനയുകയാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പ് സാഹചര്യം വിലയിരുത്തി നടപടികൾ സ്വീകരിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മൂന്ന് നിരീക്ഷകരെ ഹൈക്കമാന്റ് സംസ്ഥാനത്തേക്ക് അയച്ചു.

ഛത്തീസ്ഗഡ് സർക്കാരിലെ മുതിർന്ന മന്ത്രി ടി എസ് സിംഗ്ദിയോ, വിൻസെന്റ് പാല, മുകുൾ വാസ്‌നിക് എന്നിവരെയാണ് പാർട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന നേതാക്കളെ നിരീക്ഷിക്കാനും സാഹചര്യങ്ങൾ അറിയിക്കാനും നേതാക്കൾക്ക് ഹൈക്കമാന്റ് നിർദ്ദേശം നൽകി. 2017 ൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ബി ജെ പി പ്രാദേശിക കക്ഷികളുടെ സഹായത്തോടെ ഭരണം പിടിക്കുകയായുരുന്നു. അന്ന് 40 അംഗ നിയമസഭയിൽ കോൺഗ്രസിന് 17 സീറ്റുകളായിരുന്നു ലഭിച്ചത്. ഇത്തവണ പ്രാദേശിക കക്ഷികളുടെ നിലപാട് നിർണായകമായേക്കും.

കഴിഞ്ഞ തവണ ബി ജെ പിക്ക് പിന്തുണ പ്രഖ്യാപിച്ച നാഷ്ണൽ പീപ്പിൾസ് പാർട്ടി (എൻ പി പി), നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻ പി എഫ്) എന്നിവർ തനിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ തവണ 9 സീറ്റുകളിൽ മത്സരിച്ച നാഷ്ണൽ പീപ്പിൾ പാർട്ടി 38 മണ്ഡലങ്ങളിലാണ് ഇക്കുറി സ്ഥാനാർത്ഥികളെ നിർത്തിയത്. ഇതിൽ പകുതിയിൽ അധികം പേരുമാകട്ടെ ബി ജെ പി ബന്ധം അവസാനിപ്പിച്ചെത്തിയവരും. 19 പേരാണ് ഇത്തരത്തിൽ എൻ പി പിയുടെ സ്ഥാനാർത്ഥികൾ. എൻ പി പി കിംഗ് മേക്കറായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൂടുതൽ സീറ്റുകൾ ലഭിക്കുന്നതിന് അനുസരിച്ച് അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിന് അനുകൂലമായ നിലപാടായിരിക്കും സ്വീകരിക്കുകയെന്നാണ് എൻ പി പി നേതൃത്വം പ്രഖ്യാപിച്ചത്. അതിനിടെ എൻ പി പിയുമായി സഖ്യത്തിന് തയ്യാറാണെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് അടുത്തതോടെ നേരത്തേ എൻ പി പിയെ തള്ളി പറഞ്ഞ ബി ജെ പി നേതൃത്വം എൻ പി പിയുമായി അടുക്കുന്ന കാഴ്ചയാണ് സംസ്ഥാനത്ത് ഉള്ളത്. തിരഞ്ഞെടുപ്പിന് ശേഷം എൻ പി പിയുമായി ബി ജെ പി സഖ്യത്തിന് തയ്യാറാണെന്ന് സംസ്ഥാന ബി ജെ പി അധ്യക്ഷ ശർദ ദേവി പ്രതികരിച്ചിരുന്നു. പാർട്ടി നേതൃത്വവുമായി ഇത് സംബന്ധിച്ച് ചർച്ച നടക്കുകയാണെന്നും അവർ വ്യക്തമാക്കിയിരുന്നു. എന്നാൽ ബി ജെ പിയുമായി എൻ പി പി സഖ്യത്തിന് തയ്യാറാകുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും. കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തിൽ സഖ്യത്തിൽപാർട്ടി വലിയ അവഗണനയാണ് നേരിട്ടതെന്ന് എൻ പി പി നേതൃത്വം പ്രതികരിച്ചിരുന്നു.

ഇത്തവണ കോൺഗ്രസ് ആറ് ബി ജെ പി ഇതര പാർട്ടികളുമായി ചേർന്ന് സഖ്യത്തിലാണ് മണിപ്പൂരിൽ മത്സരിച്ചത്. സി പി ഐ, സി പി എം, ഫോർവേഡ് ബ്ലോക്ക്, ആർ എസ് പി, ജെ ഡി (എസ്) എന്നീ പാർട്ടികൾ ചേർന്ന് മണിപ്പൂർ പ്രോഗ്രസീവ് സെക്കുലർ അലയൻസ് എന്ന പേരിലാണ് സഖ്യം രൂപീകരിച്ചത്.

അതേസമയം മണിപ്പൂരിനെ കൂടാതെ തൂക്കുസഭ പ്രവചിക്കുന്ന ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങൾ കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിൽ 70 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 39 സീറ്റുകളാണ് ആവശ്യം. ഗോവയിൽ 40 അംഗ നിയമസഭയാണ് ഉള്ളത്. മാർച്ച് 10 നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.
വനിതാ ദിനത്തിൽ ഫോട്ടോ പങ്കുവെച്ച് മഞ്ജു വാര്യർ....കിടിലൻ ക്യാപ്ഷനും..വളരെ ശരിയെന്ന് ആരാധകർ












Click it and Unblock the Notifications