ബിജെപിയുമായി സഖ്യം അത്ര സുഖകരമല്ല, അനുഭവമുണ്ട്; മേഘാലയ മുഖ്യമന്ത്രി
ഇംഫാല്‍: മണിപ്പൂരില്‍ ബി ജെ പിയുമായുള്ള സഖ്യം വളരെ വെല്ലുവിളി നിറഞ്ഞതാണെന്ന് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍ പി പി) പ്രസിഡന്റും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാങ്മ. ദി പ്രിന്റിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സീറ്റുകളുടെ എണ്ണം ആശ്രയിച്ചിരിക്കും സഖ്യരൂപീകരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിപ്പൂരിലെയും മേഘാലയയിലെയും സര്‍ക്കാരുകളില്‍ ബി ജെ പിയും എന്‍ പി പിയും പങ്കാളികളായിരുന്നു. എന്നാല്‍ മണിപ്പൂര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുവരും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഫെബ്രുവരി 28, മാര്‍ച്ച് 5 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ബിജെപി 60 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ എന്‍ പി പി 38 സീറ്റിലാണ് മത്സരിക്കുന്നത്. എന്‍ പി പിയുടെ പ്രചാരണത്തിന്റെ ഭാഗമായി മണിപ്പൂരിലെ മലയോര ജില്ലയായ ഉഖ്രുലില്‍ തിങ്കളാഴ്ചയാണ് സാങ്മ എത്തിയത്. സായുധ സേനയുടെ പ്രത്യേക അധികാര നിയമം (അഫ്‌സപ) പിന്‍വലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് മുമ്പുള്ള അക്രമങ്ങളെക്കുറിച്ചും സാങ്മ ദി പ്രിന്റിനോട് സംസാരിച്ചു. ഞങ്ങള്‍ ഒരു സഖ്യത്തിലായിരിക്കുമ്പോള്‍, എല്ലാം സുഖകരമായിരിക്കണമെന്നില്ല. വെല്ലുവിളികള്‍ ഉണ്ടാകും.

വിവാഹങ്ങള്‍ കഴിഞ്ഞാല്‍ സ്വര ചേര്‍ച്ചയില്ലായ്മ ഉണ്ടാകില്ലേ, അതുപോലെ. സഖ്യ രാഷ്ട്രീയത്തിന് ഉറപ്പായും വെല്ലുവിളികള്‍ ഉണ്ടാകും,' അദ്ദേഹം പറഞ്ഞു. 'കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് വളരെ വെല്ലുവിളി നിറഞ്ഞതാണെന്ന് കാണുകയും അനുഭവിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ ആസ്ഥാനത്ത് നടന്ന എന്‍പിപിയുടെ പൊതുയോഗത്തിനിടെ, മണിപ്പൂരിലെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 'വണ്‍മാന്‍ ഷോ' ആയിരുന്നുവെന്ന് സാങ്മ ആരോപിച്ചു. മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിനെതിരെ സാങ്മ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. വിശ്വാസത്തിലും കൂടിയാലോചനയിലും ടീം വര്‍ക്കിലും അധിഷ്ഠിതമാണ് സഖ്യ സര്‍ക്കാര്‍. അതൊരിക്കലും സംഭവിച്ചിട്ടില്ല, സാങ്മ പറഞ്ഞു.

ബി ജെ പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും വ്യത്യസ്തമായി, സംസ്ഥാനത്തെ എന്‍ പി പിയും നാഗാ പീപ്പിള്‍സ് ഫ്രണ്ടും (എന്‍ പി എഫ്) മണിപ്പൂരില്‍ നിന്ന് അഫ്‌സപ നീക്കം ചെയ്യുന്നതിലാണ് തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണം കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത് രാഷ്ട്രീയത്തെക്കുറിച്ചല്ല. ഇതൊരു യഥാര്‍ത്ഥ പ്രശ്നമാണ്, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പൊതുജനങ്ങളുടെയും നേതാക്കള്‍ എന്ന നിലയില്‍, ഇന്നത്തെ സാഹചര്യത്തില്‍ സായുധ സേനയുടെ പ്രത്യേക അധികാര നിയമം ഒട്ടും ആവശ്യമില്ലെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. അടുത്തിടെ നടന്ന സംഭവങ്ങള്‍ അതിന്റെ വ്യക്തമായ ഉദാഹരണമാണ്, ''സാങ്മ പറഞ്ഞു.

അത്തരമൊരു സാഹചര്യം കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ മറ്റ് വഴികള്‍ അന്വേഷിക്കേണ്ടതുണ്ട്, കൂടാതെ അഫ്‌സ്പ പോലുള്ള ക്രൂരമായ നിയമങ്ങള്‍ പോകണം,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2017ല്‍ കോണ്‍ഗ്രസായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷി. 28 സീറ്റ് കോണ്‍ഗ്രസ് നേടിയിരുന്നു. ബി ജെ പിക്ക് കിട്ടിയത് 21 സീറ്റായിരുന്നു. നാഗാ പീപ്പിള്‍സ് ഫ്രണ്ട്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, ലോക് ജനശക്തി പാര്‍ട്ടി എന്നിവരുടെ പിന്തുണയില്‍ ബി ജെ പി ബിരേന്‍ സിംഗിന്റെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കുകയായിരുന്നു.

ഇത്തവണ കോണ്‍ഗ്രസ് മതേതര പാര്‍ട്ടികളുമായി ചേര്‍ന്നാണ് മത്സരിക്കുന്നത്. സി പി ഐ എം, സി പി ഐ, ആര്‍ എസ് പി, ഫോര്‍വേര്‍ഡ് ബ്ലോക്, ജനതാദള്‍ സെക്കുലര്‍ എന്നിവര്‍ കോണ്‍ഗ്രസ് നയിക്കുന്ന മഹാസഖ്യത്തിലുണ്ട്. കോണ്‍ഗ്രസ് പുതിയ നേതാക്കളെ മണിപ്പൂരില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ്.












Click it and Unblock the Notifications