സ്പീക്കറുടെ വാഹനത്തിന് വഴിമാറിക്കൊടുത്തില്ല; എസ്‌ഐയ്ക്ക് മര്‍ദ്ദനം
ഇംഫാല്‍: കുടുംബസമേതം വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന എസ്‌ഐയ്ക്ക് സ്പീക്കറുടെ അംഗരക്ഷകരുടെ ക്രൂരമായ മര്‍ദ്ദനം. കഴിഞ്ഞദിവസം രാത്രി മണിപ്പൂരിലാണ് സംഭവം. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇംഫാല്‍ വെസ്റ്റിലെ സഗോല്‍ബാന്‍ഡ് അമിദോണ്‍ അഖാം സ്വദേശിയായ അമിതാബ് അരാംബാം (35) ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒരു പിറന്നാള്‍ പാര്‍ട്ടിക്ക് പോയി മടങ്ങുകയായിരുന്നു താനും കുടുംബവുമെന്ന് അമിതാബ് പറഞ്ഞു. വഴിയില്‍വെച്ച് ഉച്ചത്തില്‍ സൈറണ്‍ മുഴക്കിക്കൊണ്ടെത്തിയ വാഹന വ്യൂഹത്തിന് താന്‍ കാര്‍ ഒതുക്കി വഴിമാറിക്കൊടുത്തതാണ്. എന്നാല്‍ കാറിനടുത്തെത്തിയപ്പോള്‍ സ്പീക്കറുടെ അകമ്പടി വാഹനത്തില്‍ നിന്നും അസഭ്യവര്‍ഷം നടത്തി.

ഇതിനെതിരെ പ്രതികരിച്ചതോടെ അകമ്പടി വാഹനം തന്റെ കാറിന് മുന്നില്‍ നിര്‍ത്തി ഗാര്‍ഡുമാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇരുമ്പു ദണ്ഡ് ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. ഭാര്യയും കുട്ടികളും കേണപേക്ഷിച്ചിട്ടും മര്‍ദ്ദനം തുടര്‍ന്നെന്ന് അമിതാബ് പറയുന്നു. സംഭവത്തില്‍ സിറ്റി പോലീസിന് പരാതി നല്‍കിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് അമിതാഭ് ആരോപിക്കുന്നു.
റോഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും ഭാര്യയും ചേര്‍ന്നാണ് അമിതാബിനെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവം വിവാദമായതോടെ പ്രതിപക്ഷ കക്ഷികള്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മികച്ച സേവനത്തിനുള്ള പോലീസ് മെഡല്‍ നേടിയ ഉദ്യോഗസ്ഥനാണ് അമിതാബ്.












Click it and Unblock the Notifications