മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേര്‍ക്ക് അക്രമികളുടെ വെടിവെപ്പ്; രണ്ട് പേര്‍ക്ക് പരിക്ക്
ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ വാഹനവ്യൂഹത്തിന് നേരെ കാങ്‌പോക്പി ജില്ലയില്‍ വെച്ച് സായുധ സംഘത്തിന്റെ ആക്രമണം. മുഖ്യമന്ത്രിയുടെ സുരക്ഷാ സേനയുടെ വാഹനങ്ങള്‍ക്ക് നേരെ ഒന്നിലധികം തവണ അക്രമിസംഘം ഒളിഞ്ഞിരുന്ന് വെടിയുതിര്‍ക്കുകയായിരുന്നു എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇംഫാലില്‍ നിന്ന് ജിരിബാം ജില്ലയിലേക്ക് പോകുകയായിരുന്ന വാഹനവ്യൂഹം രാവിലെ 10.30 ഓടെ ദേശീയ പാത-37 ല്‍ വെച്ചാണ് ആക്രമണത്തിന് ഇരയായത്. അക്രമസംഭവങ്ങള്‍ നടന്ന ജിരിബാം ജില്ലയിലെ ബിരേന്‍ സിംഗിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് അക്രമം. സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമികള്‍ക്ക് നേരേയും വെടിയുതിര്‍ത്തതായാണ് വിവരം. അതിനിടെ ദേശീയപാത 53 ന്റെ ഒരു ഭാഗത്ത് കോട്ലെന്‍ ഗ്രാമത്തിന് സമീപം ഇപ്പോഴും വെടിവയ്പ്പ് തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

ജൂണ്‍ 6 ന് അജ്ഞാതരായ അക്രമികള്‍ ഒരാളെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജിരിബാമില്‍ അശാന്തി പടരുകയാണ്. ചൊവ്വാഴ്ച ഇവിടെ സന്ദര്‍ശിക്കാനൊരുങ്ങുകയായിരുന്നു ബിരേന്‍ സിംഗ്. ജിരിബാമിലെ കൊലപാതകത്തിന് പിന്നാലെ ഏതാനും സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെ 70 ഓളം വീടുകള്‍ അക്രമികള്‍ അഗ്‌നിക്കിരയാക്കിയിരുന്നു. ആക്രമണം കടന്ന് പ്രദേശത്ത് പലരും പലായനം ചെയ്തിരിക്കുകയാണ്.
മെയ്തി സമുദായത്തില്‍ നിന്നുള്ള 59 കാരനും കര്‍ഷകനുമായ സോയിബാം ശരത്കുമാര്‍ സിംഗിന്റെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. കാണാതായി ഒരാഴ്ചകള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. തന്റെ ഫാമില്‍ നിന്ന് മടങ്ങുന്നതിനിടെ ഇയാളെ കാണാതാവുകയായിരുന്നു. ഇയാളുടെ ശരീരത്തില്‍ മൂര്‍ച്ചയുള്ള വസ്തു കൊണ്ട് മുറിവേറ്റതായി പൊലീസ് പറഞ്ഞിരുന്നു.
സോയിബാമിന്റെ മൃതദേഹം കണ്ടെടുത്തത് പ്രദേശവാസികള്‍ക്കിടയില്‍ രോഷം ആളിക്കത്താന്‍ ഇടയാക്കി. പിന്നീട് ഇവിടെ സ്ഥിതിഗതികള്‍ അതിവേഗം വഷളാകുകയും അയല്‍സംസ്ഥാനമായ അസമിലേക്കും വ്യാപിക്കുകയായിരുന്നു. ഇതോടെ കഴിഞ്ഞ വര്‍ഷം പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തിന് ശേഷം മണിപ്പൂര്‍ വീണ്ടും അശാന്തമായിരിക്കുകയാണ്. മെയ്തികള്‍, മുസ്ലീങ്ങള്‍, നാഗകള്‍, കുക്കികള്‍, മണിപ്പൂരികള്‍ അല്ലാത്തവര്‍ എന്നിവര്‍ സമാധാനത്തോടെ കഴിഞ്ഞയിടമാണ് ജിരിബാം.
കഴിഞ്ഞ വര്‍ഷത്തെ വംശീയ കലഹങ്ങള്‍ അടക്കം ഒരു സംഘര്‍ഷവും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സ്ഥലമായിരുന്നു ഇത്. എന്നാല്‍ പുതിയ സംഭവവികാസങ്ങള്‍ ജിരിബാമിനെ സംഘര്‍ഷങ്ങളുടെ കേന്ദ്രമാക്കിയിരിക്കുകയാണ്. ജിരിബാമില്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. തിരഞ്ഞെടുപ്പ് സമയത്ത് പിടിച്ചെടുത്ത ലൈസന്‍സുള്ള തോക്കുകള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ജിരിബാം പൊലീസ് സ്റ്റേഷന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്.












Click it and Unblock the Notifications