സംഘർഷം അയയാതെ മണിപ്പൂർ: 12 തീവ്രവാദികളെ വിട്ടയച്ച് സൈന്യം, ഇംഫാലില്‍ ബിജെപി ഓഫീസ് കത്തിച്ചു
ഇംഫാല്‍: മണിപ്പൂർ സംഘർഷത്തിനിടെ പിടികൂടിയ 12 തീവ്രവാദികളെ വിട്ടയച്ച് സൈന്യം. ഇവരെ വിട്ടയക്കണമെന്ന് ആവ്യപ്പെട്ട് സ്ത്രീകളുടെ നേതൃത്വത്തില്‍ 1200-ല്‍ അധികം വരുന്ന ആളുകള്‍ സൈനിക കേന്ദ്രം വളഞ്ഞ് പ്രതിഷേധം നടത്തിവരികയായിരുന്നു. ഇതേ തുടർന്നാണ് പിടികൂടിയവരെ വിട്ടയക്കാന്‍ സൈന്യം തീരുമാനിച്ചത്. ഒരു ദിവസത്തോളം നീണ്ടുനിന്ന സംഘർഷം അവസാനിപ്പിക്കാനും ആളുകളെ ജീവന്‍ അപകടത്തിലാക്കാതിരിക്കാനുമാണ് തീവ്രവാദികളെ മോചിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
"സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഒരു വലിയ ജനക്കൂട്ടത്തിനെതിരെ പ്രതിരോധ നീക്കം പ്രയോഗിക്കുന്നതിന്റെ സെൻസിറ്റിവിറ്റി കണക്കിലെടുത്തും, അത്തരം നടപടി മൂലം നാശനഷ്ടങ്ങൾ സംഭവിക്കാൻ സാധ്യതയുള്ളതിനാലും, 12 കേഡർമാരേയും പ്രാദേശിക നേതാവിന് കൈമാറാൻ ആലോചിച്ച് തീരുമാനമെടുത്തിട്ടുണ്ട്," സൈന്യം പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇന്ത്യൻ സൈന്യത്തിന്റെ മാനുഷിക മുഖം കാണിക്കുന്ന പക്വമായ തീരുമാനം എടുത്തതിന് ഓപ്പറേഷന്റെ ചുമതലയുള്ള കമാൻഡറെ കരസേന അഭിനന്ദിച്ചതായും എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

മെയ്തേയ് തീവ്രവാദി സംഘടനയായ കംഗ്ലെയ് യാവോൽ കണ്ണ ലുപ്പിന്റെ (കെ വൈ കെ എൽ) പ്രവർത്തകരായ 12 വിഘടനവാദികളെയായിരുന്നു കഴിഞ്ഞ ദിവസം സൈന്യം പിടികൂടിയത്. 2015ൽ 6 ദോഗ്ര യൂണിറ്റിന് നേരെ ആക്രമണം നടത്തിയതുൾപ്പെടെ നിരവധി ആക്രമണങ്ങളിൽ ഈ സംഘം ഉൾപ്പെട്ടിരുന്നുവെന്നും സൈന്യം അറിയിച്ചു. ഇതോടെ 1,200 മുതൽ 1,500 വരെ ആളുകൾ അടങ്ങുന്ന സംഘം സൈന്യത്തിനെതിരെ പ്രതിഷേധവുമായി മുന്നോട്ട് വരികയായിരുന്നു.
സ്ത്രീകളുടെ നേതൃത്വത്തിലുള്ള ജനക്കൂട്ടം സൈനിക കേന്ദ്രം വളയുകയും ഓപ്പറേഷനുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് സേനയെ തടയുകയും ചെയ്തു. ഗ്രാമത്തിൽ ഒളിഞ്ഞിരിക്കുന്നവരിൽ തീവ്രവാദ ഗ്രൂപ്പിന്റെ സ്വയം പ്രഖ്യാപിത ലെഫ്റ്റനന്റ് കേണൽ മൊയ്‌രംഗ്‌തെം താംബ എന്ന ഉത്തം ഉള്‍പ്പെടുയുണ്ടെന്ന വിവരം സൈന്യത്തിന് ലഭിച്ചിരുന്നു. 2015 ലെ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് ഇദ്ദേഹം.
അതേസമയം, മണിപ്പൂരില്‍ സംഘർഷം അയവില്ലാതെ തുടരുകയാണ്. ഇംഫാലില്‍ അക്രമികള്‍ ബി ജെ പി ഓഫിസിന് തീയിട്ടു. ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷ പാർട്ടികള്‍ കൂടതല്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് മണിപ്പൂരിലെ സാഹചര്യം വിലയിരുത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയും സംഘർഷം തുടരുകയാണ്.












Click it and Unblock the Notifications