മണിപ്പൂരില്‍ മൂന്ന് ദിവസത്തിനകം എല്ലാം ശരിയാകും; ശുഭ പ്രതീക്ഷയോടെ ബിജെപി
ഇംഫാല്‍: മണിപ്പൂരിലെ രാഷ്ട്രീയ പ്രതിസന്ധി രണ്ടോ മൂന്നോ ദിവസത്തിനകം അവസാനിക്കുമെന്ന് ബിജെപിക്ക് ശുഭാപ്തി വിശ്വാസം. എന്‍ഡിഎയുടെ തത്വങ്ങള്‍ അടിസ്ഥാനപ്പെടുത്തി എല്ലാ പ്രശ്‌നങ്ങളും ഉടന്‍ പരിഹരിക്കുമെന്ന് ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ബിജെപി നേതൃത്വം നല്‍കുന്ന സഖ്യത്തിലെ ഒമ്പത് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് ബൈറണ്‍ സിങ് സര്‍ക്കാരിന്റെ നില പരുങ്ങലിലായത്.

ഉപമുഖ്യമന്ത്രിയടക്കം എന്‍പിപിയുടെ നാല് എംഎല്‍എമാരും സര്‍ക്കാരില്‍ നിന്ന് രാജിവച്ചിരുന്നു. കൂടാതെ മൂന്ന് ബിജെപി എംഎല്‍എമാര്‍ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന മറ്റു എംഎല്‍എമാരും പിന്തുണ പിന്‍വലിക്കുകയാണെന്ന് അറിയിച്ചു. ഇതോടെയാണ് മണിപ്പൂരിലെ ബിജെപി സര്‍ക്കാരില്‍ പ്രതിസന്ധി ഉടലെടുത്തത്.
വിഷയത്തില്‍ പരിഹാരം കാണാന്‍ ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തിന് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. പുറത്തുനിന്നുള്ള നേതാക്കള്‍ക്ക് സംസ്ഥാനത്ത് എത്താന്‍ സാധിക്കാത്ത പ്രതിസന്ധിയുണ്ട്. പുറത്തുനിന്നുള്ളവര്‍ വന്നാല്‍ ക്വാറന്റൈനില്‍ പോകേണ്ടി വരും. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തുള്ള നേതാക്കളോട് തന്നെ പ്രശ്‌ന പരിഹാരത്തിന് വഴി കാണാന്‍ ബിജെപി ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് എന്‍പിപി നേതാക്കളുമായി ബിജെപി നേതൃത്വം ചര്‍ച്ച നടത്തി.
Recommended Video
ആശങ്കപ്പെടാനില്ലെന്നും എല്ലാം തങ്ങളുടെ പരിധിയില്‍ തന്നെയാണെന്നും ഹിമന്ത് ബിശ്വ ശര്‍മ ചര്‍ച്ചയ്ക്ക് ശേഷം വ്യക്തമാക്കി. ബിജെപി നേതൃത്വം നല്‍കുന്ന സഖ്യത്തിലെ എല്ലാ എംഎല്‍എമാരുമായും സംസാരിച്ചു. എല്ലാവരും സംതൃപ്തരാണ്. സ്പീക്കറുടെ തീരുമാനം അന്തിമമാണ്. സ്പീക്കര്‍ അയോഗ്യരാക്കിയ എംഎല്‍എമാരുടെ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. ചൊവ്വാഴ്ച വിശദമായ ചര്‍ച്ചകള്‍ നടക്കുമെന്നും മണപ്പൂരില്‍ മന്ത്രി കൂടിയായ ഹിമന്ത് ബിശ്വ ശര്‍മ പറഞ്ഞു.












Click it and Unblock the Notifications