മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവം;പോലീസിന് വീഴ്ച പറ്റി, സിബിഐ കുറ്റപത്രം
ഡൽഹി: മണിപ്പൂരിൽ ആൾക്കൂട്ടം രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ പോലീസിന് ഗുരുതര വീഴ്ചപറ്റിയെന്ന് സിബിഐ കുറ്റപത്രം. സ്ത്രീകൾ സഹായം തേടി പോലീസിനെ സമീപിച്ചെങ്കിലും പോലീസ് സഹായം നൽകാൻ തയ്യാറായില്ലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. നഗ്നരാക്കി നടത്തിയശേഷം ഇരുവരേയും ആൾക്കൂട്ടും അതിക്രൂരമായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
ആക്രമകാരികളായ ആൾക്കൂട്ടത്തിൽ നിന്നം ഓടി രക്ഷപ്പെട്ട് സ്ത്രീകൾ തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന പോലീസ് വാഹനത്തിൽ കയറി. വണ്ടി സ്റ്റാർട്ട് ചെയ്യാൻ ഇവർ പോലീസുകാരോട് പലതവണ ആവശ്യപ്പെട്ടെങ്കിലും താക്കോലില്ലെന്നായിരുന്നു ഡ്രൈവറുടെ മറുപടി. പിന്നീട് സ്ത്രീകളെ വാഹനത്തിൽ കയറ്റി കൊണ്ടുപോയെങ്കിലും ജനക്കൂട്ടത്തിന് അടുത്തെത്തിയ ശേഷം മുന്നോട്ട് വാഹനം കൊണ്ടുപോകാൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു', കുറ്റപത്രത്തിൽ പറയുന്നു. ഇരകളിലൊരാളുടെ പിതാവിനെ ജനക്കൂട്ടം മർദിക്കുന്നത് പോലീസ് തടഞ്ഞില്ലെന്നും കുറ്റപത്രത്തിലുണ്ട്.

1000ത്തോളം വരുന്ന ആൾക്കൂട്ടത്തിന്റെ കൈയ്യിൽ എകെ, എസ്എൽആർ, ഇൻസാസ്, .303 റൈഫിളുകൾ തുടങ്ങിയ അത്യാധുനിക ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു. അതുകൊണ്ട് തന്നെ അക്രമം നടക്കുമ്പോൾ നാല് കിമി അകലെയുള്ള ചഖാമ എന്ന ഗ്രാമത്തിലേക്ക് രക്ഷപ്പെടാനുളള തയ്യാറെടുപ്പിലായിരുന്നു സ്ത്രീകളും കുടുംബവും.സ്ത്രീകളിൽ ഒരാൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനാൽ കുടുംബത്തിലെ പുരുഷ അംഗങ്ങൾ ചുമലിലേറ്റിയായിരുന്നു ഇവരെ കൊണ്ടുപോയിരുന്നത്.
ഇതിനിടയിൽ ആൾക്കൂട്ടം പാഞ്ഞടുക്കുകയും കുടുംബത്തിനെതിരെ കല്ലെറിയുകയും ചെയ്തു.ഈ സമയം ആൾക്കൂട്ടത്തിലെ ചിലർ സ്ത്രീകളോട് പോലീസിന്റെ സഹായം തേടാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ വളരെ കഷ്ടപ്പെട്ട് സ്ത്രീകളും ഒരു പുരുഷ അംഗവും പോലീസ് വാഹനത്തിൽ കയറി. ഏഴോളം പോലീസുകാർ വാഹനത്തിൽ ഉണ്ടായിരുന്നു.പിന്നീട് ഇതേ വാഹനം തന്നെ ഓടിച്ച് ആയിരത്തോളം കലാപകാരികളുടെ അടുത്ത് നിർത്തി പോലീസുകാർ പോയി. തുടർന്നാണ് കലാപകാരികൾ സ്ത്രീകളെ പിടികൂടി വിവസ്ത്രരാക്കി നടത്തിയത്. ഈ സമയം വാഹനത്തിലുണ്ടായിരുന്ന യുവാവിന്റെ അച്ഛനെ അക്രമികൾ കൊലപ്പെടുത്തിയിരുന്നു. പിന്നീട് ഇയാളേയും കലാപകാരികൾ കൊലചെയ്തു.ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു സ്ത്രീ ഓടി രക്ഷപ്പെടുകയായിരുന്നു' കുറ്റപത്രത്തിൽ പറയുന്നു.
ഗുവാഹത്തിയിലെ പ്രത്യേക സിബിഐ കോടതിയിൽ ഒക്ടോബർ 16 നാണ് കുറ്റപത്രം സമർപ്പിച്ചത്.ഹുയിറേം ഹെറോദാസ് മെയ്റ്റി, അരുൺ കുങ്കോങ്ബാം, നിങ്കോംബം തോംബ സിംഗ്, യംലെംബൻ ജിബൻ സിംഗ്, പുക്രിഹോങ്ബാം സുരുഞ്ജോയ് മെയ്തി, നമീരക്പാം കിരൺ മെയ്തി എന്നിവർക്കെതിരെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇതിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. കൂട്ടബലാത്സംഗം, കൊലപാതകം, സ്ത്രീത്വത്തെ അപമാനിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
വംശീയ കലാപം ആളിപ്പടരുന്നതിനിടെയായിരുന്നു മനുഷ്യമനസാക്ഷിയെ തന്നെ മരവിപ്പിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. മെയ് നാലിനായിരുന്നു ദാരുണമായ സംഭവം നടന്നത്. കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ടു സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി റോഡിലൂടെ നടത്തുകയും പിന്നീട് സമീപത്തെ വയലിൽ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്യുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതോടെ രാജവ്യാപക പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.












Click it and Unblock the Notifications