മണിപ്പൂര്‍ വീണ്ടും അശാന്തം; കുക്കി വിഭാഗക്കാരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍
ഇംഫാല്‍: മണിപ്പൂരില്‍ ദേശീയ പാത തടഞ്ഞ് കുക്കി വിഭാഗക്കാരുടെ പ്രതിഷേധം. ഇന്ന് മുതല്‍ സംസ്ഥാനത്ത് സ്വതന്ത്രസഞ്ചാരം എല്ലാ പൗരന്‍മാര്‍ക്കും ഉറപ്പാക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേനയുടെ അകമ്പടിയോടെയാണ് സിവിലിയന്‍ ബസുകള്‍ ഇന്ന് മണിപ്പൂരിലെ ജില്ലകളിലെ യാത്ര പുനരാരംഭിച്ചത്. എന്നാല്‍ പലയിടത്തും കുക്കി വിഭാഗക്കാര്‍ റോഡ് ഉപരോധിച്ചു.
മണിപ്പൂരില്‍ നിന്ന് വേര്‍പെടുത്തി പ്രത്യേക ഭരണകൂടം വേണമെന്ന ആവശ്യം നിറവേറ്റുന്നതുവരെ സ്വതന്ത്രമായ സഞ്ചാരം അനുവദിക്കില്ല എന്നാണ് കുക്കികളുടെ നിലപാട്. സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 45 കിലോ മീറ്റര്‍ അകലെയുള്ള കാങ്പോക്പി ജില്ലയില്‍ മൈന്‍ പ്രതിരോധ ശേഷിയുള്ള വാഹനങ്ങള്‍ ആണ് സര്‍വീസിനായി ഉപയോഗിച്ചത്. സുരക്ഷാ സേനയുടെ ലാത്തി ചാര്‍ജില്‍ ദേശീയപാത തടയാന്‍ ശ്രമിച്ച കുക്കി ഗോത്രങ്ങളില്‍ നിന്നുള്ള നിരവധി സ്ത്രീകള്‍ക്ക് പരിക്കേറ്റു.

മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് രാജിവച്ചതിനെത്തുടര്‍ന്ന് രാഷ്ട്രപതി ഭരണത്തിന് കീഴിലായ സംസ്ഥാനത്ത് ഇന്ന് മുതല്‍ എവിടെയും റോഡ് ഉപരോധങ്ങള്‍ ഉണ്ടാകരുതെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. അതേസമയം മണിപ്പൂരിലെ കുക്കി ആധിപത്യമുള്ള നിരവധി പ്രദേശങ്ങളില്‍ നിന്ന് സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
റോഡുകള്‍ കുഴിച്ചും, ടയറുകള്‍ കത്തിച്ചും, ബാരിക്കേഡുകള്‍ സ്ഥാപിച്ചുമാണ് പലയിടത്തും ഗതാഗതം തടസപ്പെടുത്തുന്നത്. താഴ്വരയില്‍ ആധിപത്യം പുലര്‍ത്തുന്ന മെയ്തി സമൂഹവും മണിപ്പൂരിലെ കുന്നിന്‍ പ്രദേശങ്ങളില്‍ പ്രബലരായ കുക്കി എന്നറിയപ്പെടുന്ന വ്യത്യസ്ത ഗോത്രങ്ങളും 2023 മെയ് മുതല്‍ ഭൂമിയുടെ അവകാശങ്ങള്‍, രാഷ്ട്രീയ പ്രാതിനിധ്യം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ സംഘര്‍ഷത്തിലാണ്.
അക്രമത്തില്‍ ഇതുവരെ 250-ലധികം പേര്‍ മരിച്ചു, ഏകദേശം 50,000 പേര്‍ കുടിയിറക്കപ്പെട്ടു. അക്രമം നിര്‍ത്തിവെക്കുന്ന കരാറില്‍ ഒപ്പുവച്ച കുക്കി നേതാക്കളും, സായുധ സംഘടനകളും, അവരുടെ മുന്നണി സിവില്‍ സംഘടനകളും മണിപ്പൂരിലുടനീളം ആളുകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവദിക്കുന്നതിന് മുമ്പ് കേന്ദ്രത്തോട് പ്രത്യേക ഭരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്ന കുടിയിറക്കപ്പെട്ട ആയിരക്കണക്കിന് ആളുകള്‍ക്ക് വീട്ടിലേക്ക് മടങ്ങുന്നതിന് കുക്കി ഗോത്രങ്ങളില്‍ നിന്ന് ഭീഷണിയുണ്ട് എന്നാണ് മെയ്തി വിഭാഗക്കാര്‍ ആരോപിക്കുന്നത്. രണ്ട് വര്‍ഷത്തിലേറെയായി കലാപ മുഖരിതമായ മണിപ്പൂരില്‍ ഇപ്പോഴും അസ്വസ്ഥാജനകമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്.












Click it and Unblock the Notifications