മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്പ്; നാല് പേരെ കാണാനില്ലെന്ന് പരാതി
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്പ്. ബുധനാഴ്ച ബിഷ്ണുപൂര്‍ ജില്ലയില്‍ വെടിവയ്പ്പ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടത്. ബിഷ്ണുപൂര്‍ ജില്ലയിലെ കുംബിക്കും തൗബല്‍ ജില്ലയിലെ വാങ്കൂവിനുമിടയിലാണ് വെടിവയ്പ്പ് നടന്നത്. കൂടാതെ, വെടിവെപ്പ് നടന്ന സ്ഥലത്തിന് സമീപം ഇഞ്ചി വിളവെടുക്കാന്‍ പോയ നാല് പേരെ കാണാതായി.
ഒയിനം റോമെന്‍ മെയ്‌തേയ് (45), അഹന്തേം ദാരാ മെയ്‌തേയ് (56), തൗദം ഇബോംച മെയ്‌തേയ് (53), തൗദം ആനന്ദ് മെയ്‌തേയ് (27) എന്നിവരാണ് കാണാതായ നാല് പേര്‍. വെടിവെയ്പ്പ് സംഭവത്തിന് ശേഷം നാല് പേരേയും കാണാതായതായി കുമ്പി പൊലീസ് സ്റ്റേഷനില്‍ പ്രദേശവാസികള്‍ പരാതി നല്‍കി. ജനുവരി ഒന്നിന് തൗബാലിന്റെ ലിലോങ് പ്രദേശത്ത് അജ്ഞാതരായ സായുധരായ അക്രമികളും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിയിരുന്നു.

ഈ ഏറ്റുമുട്ടലില്‍ നാല് പേര്‍ മരിച്ചതായാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ മെയ്‌തേയ്, കുക്കി കമ്മ്യൂണിറ്റികള്‍ക്കിടയില്‍ നടന്ന സംഘര്‍ഷത്തിന് ശേഷം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇടയ്ക്കിടെ അക്രമ സംഭവങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കലാപത്തില്‍ ഇത് ഇതുവരെ 180 പേര്‍ കൊല്ലപ്പെട്ടു.
എസ് ടി പദവി വേണമെന്ന മെയ്‌തേയ് സമുദായത്തിന്റെ ആവശ്യത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ 'ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച്' സംഘടിപ്പിച്ചതിന് പിന്നാലെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ ദിവസം ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ മൊറോയില്‍ സുരക്ഷാ സേനയ്ക്കു നേരെ വെടിവയ്പും ബോംബേറുമുണ്ടായിരുന്നു. ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ട്.
ബാരക്കുകള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. തുടര്‍ന്ന് അസം റൈഫിള്‍, ബി എസ് എഫ്, സംസ്ഥാന പൊലിസ് കമാന്‍ഡോകള്‍ എന്നിവയുള്‍പ്പെടെയുള്ള സുരക്ഷാ സേനകളുടെ സംയുക്ത ടീമുകള്‍ തിരിച്ചടിക്കുകയായിരുന്നു. അതിനിടെ മണിപ്പൂരിലെ ക്രമസമാധാനനില റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തത് വിവാദമായിരുന്നു.
പ്രാദേശിക ഭാഷാ ദിനപത്രമായ ഹ്യുയെന്‍ ലാന്‍പാവോ പത്രത്തിന്റെ എഡിറ്ററായ ദനാബിര്‍ മയ്ബാമിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മോറെയില്‍ നടന്ന ഏറ്റമുട്ടലുകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിനാണ് കേസ്. മണിപ്പൂരില്‍ നടക്കുന്ന ആക്രമണങ്ങളെ കുറിച്ചും, കൊല്ലപ്പെട്ട ഡിവിഷണല്‍ പോലീസ് ഓഫീസറുടെ മരണത്തെ കുറിച്ചും മയ്ബാം റിപ്പോര്‍ട്ട് ചെയ്തിരുന്നു.












Click it and Unblock the Notifications