'ഇന്ത്യ' മണിപ്പൂരില്‍..; 'ഞങ്ങളിവിടെ വന്നത് രാഷ്ട്രീയ നേട്ടത്തിനല്ല, വസ്തുത ജനങ്ങളറിയണം'
ഇംഫാല്‍: മാസങ്ങളായി കലാപം തുടരുന്ന മണിപ്പൂരില്‍ എത്തി പ്രതിപക്ഷ ഐക്യനിരയായ ഇന്ത്യയിലെ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എംപിമാരുടെ പ്രതിനിധി സംഘം. 16 പാര്‍ട്ടികളില്‍ നിന്നുള്ള 21 എംപിമാരുടെ പ്രതിനിധി സംഘമാണ് അക്രമബാധിതമായ മണിപ്പൂരിലെത്തിയിരിക്കുന്നത്. അക്രമം രൂക്ഷമായ പ്രദേശത്തെ സ്ഥിതിഗതികള്‍ നേതാക്കള്‍ വിലയിരുത്തും.
കോണ്‍ഗ്രസില്‍ നിന്ന് അധീര്‍ രഞ്ജന്‍ ചൗധരി, ഗൗരവ് ഗൊഗോയ്, ഫൂലോ ദേവി നേതം, കൊടിക്കുന്നില്‍ സുരേഷ് , തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് സുസ്മിത ദേവ്, ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് സുശീല്‍ ഗുപ്ത, ശിവസേന (യുബിടി)യില്‍ നിന്ന് അരവിന്ദ് സാവന്ത്, ഡി എം കെയില്‍ നിന്ന് കനിമൊഴി, സി പി എമ്മില്‍ നിന്ന് എ എ റഹീം എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്.

രാജീവ് രഞ്ജന്‍ സിംഗ്, അനീല്‍ പ്രസാദ് ഹെഗ്ഡെ (ജെഡിയു), സന്തോഷ് കുമാര്‍ (സിപിഐ), മനോജ് കുമാര്‍ ഝാ (ആര്‍ജെഡി), ജാവേദ് അലി ഖാന്‍ (സമാജ്വാദി പാര്‍ട്ടി), മഹുവ മാജി (ജെഎംഎം), പിപി മുഹമ്മദ് ഫൈസല്‍ (എന്‍സിപി), ഇ ടി മുഹമ്മദ് ബഷീര്‍ (മുസ്ലീം ലീഗ്), എന്‍ കെ പ്രേമചന്ദ്രന്‍ (ആര്‍എസ്പി), ഡി രവികുമാര്‍ (വിസികെ), തിരുതോല്‍ തിരുമാവളവന്‍ (വിസികെ), ) ജയന്ത് സിംഗ് (ആര്‍എല്‍ഡി) എന്നിവരും സംഘത്തിലുണ്ട്.
രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉന്നയിക്കാനല്ല, മണിപ്പൂരിലെ ജനങ്ങളുടെ വേദന മനസിലാക്കാനാണ് തങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത് എന്ന് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. മണിപ്പൂരില്‍ ഉയര്‍ന്നുവന്ന സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് തങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇത് ക്രമസമാധാന പ്രശ്നമല്ല, വര്‍ഗീയ കലാപമാണ്. അയല്‍ സംസ്ഥാനങ്ങളെയും ഇത് ബാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ മലയോര മേഖലകളിലെയും താഴ്വരയിലെയും അക്രമ ബാധിത പ്രദേശങ്ങള്‍ പ്രതിനിധി സംഘം സന്ദര്‍ശിക്കും. ഞായറാഴ്ച മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ യുകെയെയും സംഘം കാണും. മണിപ്പൂരിലെ നേര്‍ക്കാഴ്ച എംപിമാരുടെ സംഘം പാര്‍ലമെന്റില്‍ വിശദീകരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. പാര്‍ലമെന്റില്‍ ചര്‍ച്ച അനുവദിച്ചില്ലെങ്കില്‍ എം പിമാര്‍ വാര്‍ത്താസമ്മേളനം നടത്തുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം വംശീയ സംഘര്‍ഷം രൂക്ഷമായ മണിപ്പൂരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. മേയ് 3 മുതല്‍ മണിപ്പൂരില്‍ ആരംഭിച്ച വംശീയ കലാപത്തില്‍ 160 ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്.












Click it and Unblock the Notifications