''നിങ്ങളൊന്നും പറയരുത്''; അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടെന്ന് ബിജെപി പറഞ്ഞെന്ന് മണിപ്പൂര്‍ എംപി
ന്യൂദല്‍ഹി: ലോക്‌സഭയിലെ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കാതിരുന്നത് ബി ജെ പി അംഗങ്ങളുടെ നിര്‍ദേശത്താലാണ് എന്ന് മണിപ്പൂരില്‍ നിന്നുള്ള എം പിയും നാഗാ പീപ്പീള്‍സ് ഫ്രണ്ട് നേതാവുമായ ലോര്‍ഹോ എസ് പോസ്. ദി ഹിന്ദുവിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ മണിപ്പൂരിനെക്കുറിച്ച് സഭയില്‍ സംസാരിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നു എന്ന് ലോര്‍ഹോ പറഞ്ഞു.
എന്നാല്‍ സഖ്യത്തിലെ തന്റെ സുഹൃത്തുക്കള്‍, പ്രത്യേകിച്ച് ബിജെപി, ഈ വിഷയത്തില്‍ സംസാരിക്കരുതെന്ന് അനൗപചാരികമായി ഉപദേശിച്ചതിനാലാണ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ അക്രമം അവസാനിപ്പിക്കേണ്ടതായിരുന്നുവെന്ന് തന്റെ ഘടകകക്ഷികളോടും ഇന്ത്യയിലെ ജനങ്ങളോടും അറിയിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നു, അദ്ദേഹം പറഞ്ഞു.

മണിപ്പൂരില്‍ ദുരിതമനുഭവിക്കുന്നവരില്‍ ഭൂരിഭാഗവും (കുക്കി-സോ സമുദായത്തില്‍ നിന്നുള്ളവര്‍) മൂന്ന് ജില്ലകളിലെ ചില ഭാഗങ്ങളില്‍ താമസിക്കുന്ന മെയ്തികളും തന്റെ മണ്ഡലതത്തില്‍ നിന്നുള്ളവരാണ് എന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ അവിശ്വാസ പ്രമേയം വരാന്‍ പോകുന്നുണ്ടെന്ന് അറിയാമായിരുന്നു. അതിനെക്കുറിച്ച് സഭയില്‍ സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നു.
''ഞാന്‍ പലരോടും ഇക്കാര്യം സംസാരിച്ചിരുന്നു. എന്നാല്‍ ബി ജെ പിയില്‍ നിന്നുള്ള എന്റെ സുഹൃത്തുക്കള്‍ ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിനെക്കുറിച്ച് വളരെയധികം സംസാരിക്കുമെന്നും അതിനാല്‍ സംസാരിക്കാതിരിക്കുന്നതാണ് ഉചിതമെന്നും പറഞ്ഞു. ഇതിനുശേഷം സ്പീക്കറോട് സംസാരിക്കാന്‍ ഔപചാരികമായി അവസരം ചോദിച്ചില്ല. കാരണം ഞാന്‍ ചോദിച്ചാലും ലഭിക്കില്ലെന്ന് എനിക്കറിയാമായിരുന്നു' എന്ന് ലോര്‍ഹോ പറഞ്ഞു.
മണിപ്പൂരില്‍ നിന്നുള്ള ബി ജെ പിയുടെ ഏക ലോക്സഭാ എംപിയായ ആര്‍ കെ രഞ്ജന്‍ സിംഗിനേയും സംസാരിക്കാന്‍ അനുവദിച്ചില്ല. ''മണിപ്പൂരിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ആളുകള്‍ ആയതിനാല്‍ ഞങ്ങളോട് സംസാരിക്കാന്‍ ആവശ്യപ്പെടണം. തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാല്‍, മണിപ്പൂരിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ ഗൗരവമുള്ളവരാണെന്ന് നമ്മുടെ ജനങ്ങള്‍ അറിയേണ്ടത് അത്യാവശ്യമാണ്,' ലോര്‍ഹോ പറഞ്ഞു.
അത് ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിപ്പൂരിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ വളരെ വൈകിയാണ് വന്നതെന്നും അത് അപര്യാപ്തമായിരുന്നു എന്നും ലോര്‍ഹോ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഭൂരിഭാഗവും വടക്കുകിഴക്കന്‍ മേഖലയുടെ വികസനം ഉയര്‍ത്തിക്കാട്ടാനും വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ, പ്രത്യേകിച്ച് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താനുമാണ് ചെലവഴിച്ചത്.
അദ്ദേഹം ആദ്യം മണിപ്പൂരിനെക്കുറിച്ച് സംസാരിക്കേണ്ടതായിരുന്നു. അതിനുശേഷം അദ്ദേഹം തന്റെ നിര്‍ദ്ദേശത്തിനോ അല്ലെങ്കില്‍ മണിപ്പൂരില്‍ സമാധാനവും സാധാരണ നിലയും എങ്ങനെ തിരികെ കൊണ്ടുവരാം എന്നതിനെക്കുറിച്ചുള്ള തന്റെ പദ്ധതിയ്ക്കോ കുറച്ചുകൂടി സമയം നല്‍കണമായിരുന്നു എന്നാണ് തനിക്ക് തോന്നിയതെന്നും ലോര്‍ഹോ പറഞ്ഞു. ജനങ്ങളുടെ വൈകാരിക ആവശ്യങ്ങളോടുള്ള പ്രതികരണത്തില്‍ സര്‍ക്കാര്‍ കുറച്ചുകൂടി സെന്‍സിറ്റീവ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മണിപ്പൂരിലെ എം പിമാരെ സംസാരിക്കാന്‍ അനുവദിക്കാത്തത് നേരത്തെ കോണ്‍ഗ്രസ് എം പി ഗൗരവ് ഗൊഗോയിയും ചൂണ്ടിക്കാട്ടിയിരുന്നു. മണിപ്പൂര്‍ എംപിമാരുടെ വാക്കുകള്‍ 2 മിനിറ്റ് പോലും കേള്‍ക്കാനുള്ള സംവേദനക്ഷമതയോ ക്ഷമയോ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഉണ്ടായിരുന്നില്ല എന്നാണ് ഗൗരവ് ഗൊഗോയി പറഞ്ഞിരുന്നത്.












Click it and Unblock the Notifications