മണിപ്പൂർ കലാപം: പ്രധാനമന്ത്രി പരാജയമെന്ന് രാഹുൽ ഗാന്ധി, 'വെറുപ്പിന്റെ രാഷ്ട്രീയം കാരണം മണിപ്പൂര്‍ കത്തുന്നു'
ഡല്‍ഹി: മണിപ്പൂര്‍ കലാപഭരിതമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയമാണ് മണിപ്പൂരിലെ കലാപത്തിന് കാരണമെന്നും പ്രധാനമന്ത്രി ഒരു പരാജയമാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ട്വിറ്ററിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം: '40 ദിവസങ്ങള്‍ക്ക് മേലെയായി ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയം കാരണം മണിപ്പൂര്‍ കത്തുകയാണ്. നൂറുകണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പ്രധാനമന്ത്രി പരാജയമാണ്. അദ്ദേഹം പൂര്‍ണമായും മൗനം തുടരുന്നു.

മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാന്‍ ഒരു സര്‍വ്വകക്ഷി സംഘത്തെ സംസ്ഥാനത്തേക്ക് അയക്കുകയും സമാധാനം പുനസ്ഥാപിക്കുകയും വേണം. നമുക്ക് വെറുപ്പിന്റെ കട പൂട്ടുകയും മണിപ്പൂരിലെ ഓരോ ഹൃദയത്തിനുളളിലും സ്‌നേഹത്തിന്റെ കട തുറക്കുകയും ചെയ്യാം', രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ഒരിടവേളയ്ക്ക് ശേഷം ചൊവ്വാഴ്ച രാത്രി മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. 9 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. മെയ്തി വിഭാഗത്തില്‍ നിന്നുളളവരാണ് കൊല്ലപ്പെട്ടത്. മെയ് ആദ്യം മുതല്‍ സംസ്ഥാനത്ത് ആരംഭിച്ച കലാപത്തില്‍ ഇതുവരെ 80 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഏകദേശം നാല്‍പ്പതിനായിരത്തോളം പേര്‍ക്ക് വീട് വിട്ട് പോകേണ്ടതായും വന്നു.
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം എന്ന് ഗോത്ര നേതാക്കളുടെ സംഘടന ആവശ്യപ്പെട്ടു. മണിപ്പൂര്‍ സന്ദര്‍ശിച്ച ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ 15 ദിവസത്തേക്ക് സമാധാന ആഹ്വാനം നടത്തിയിരുന്നു. എന്നിട്ടും കുകി വിഭാഗത്തിന് നേര്‍ക്കുളള ആക്രമണം തുടരുകയാണെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.












Click it and Unblock the Notifications