Get Updates
Get notified of breaking news, exclusive insights, and must-see stories!

'മണിപ്പൂരിലേക്ക് പോകൂ.. സമാധാനം പുനസ്ഥാപിക്കൂ'; പ്രധാനമന്ത്രിയോട് രാഹുല്‍

ന്യൂഡല്‍ഹി: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പൂരില്‍ നടക്കുന്ന അക്രമാസക്തമായ സംഘര്‍ഷങ്ങളും രക്തച്ചൊരിച്ചിലുകളും അഗാധമായ അസ്വസ്ഥത ഉണ്ടാക്കുന്നതായി രാഹുല്‍ ഗാന്ധി പറഞ്ഞു. മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം എന്നും അദ്ദേഹം പറഞ്ഞു.

'മണിപ്പൂരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുരഞ്ജനത്തിന് എല്ലാ ശ്രമങ്ങളും നടത്തുകയും പരിഹാരം കാണുകയും ചെയ്യുമെന്നത് ഓരോ ഇന്ത്യക്കാരന്റെയും പ്രതീക്ഷയായിരുന്നു. മണിപ്പൂര്‍ സന്ദര്‍ശിക്കാനും മേഖലയില്‍ സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കുന്നതിനായി പ്രവര്‍ത്തിക്കാനും ഞാന്‍ പ്രധാനമന്ത്രിയോട് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു,' രാഹുല്‍ ഗാന്ധി പറഞ്ഞു.

Manipur Violence

ഒരു വര്‍ഷത്തിലേറെയായി തുടരുന്ന മണിപ്പൂര്‍ സംഘര്‍ഷം ഇടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമാകുകയാണ്. 200 ലേറെ പേരുടെ ജീവനെടുത്ത കലാപമായിട്ടും മോദി ഇതുവരെ സംസ്ഥാനം സന്ദര്‍ശിച്ചിട്ടില്ല. ഇത് പ്രതിപക്ഷം പലതവണ ചൂണ്ടിക്കാട്ടുകയും പാര്‍ലമെന്റില്‍ അടക്കം പ്രതിഷേധിക്കുകയും ചെയ്തിരുന്നു. വംശീയ സംഘര്‍ഷം രൂക്ഷമായ മണിപ്പൂരിലെ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്തതില്‍ കേന്ദ്രത്തിന് വീഴ്ച പറ്റി എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ജിരിബാം ജില്ലയില്‍ നിന്നും കാണാതായവരുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും സംഘര്‍ഷം രൂക്ഷമായത്. ഇന്നലെ മുഖ്യമന്ത്രി ബീരേന്‍ സിംഗിന്റെ സ്വകാര്യ വസതിയിലേക്ക് പ്രതിഷേധക്കാര്‍ അതിക്രമിച്ച് കയറിയിരുന്നു. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണീര്‍വാതകം പ്രയോഗിച്ചതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി.

ഇന്നലെ ഇംഫാലില്‍ രണ്ട് മന്ത്രിമാരുടെയും മൂന്ന് എം എല്‍ എമാരുടെയും വീടുകള്‍ക്ക് നേരെയും ആള്‍ക്കൂട്ട ആക്രമണമുണ്ടായിരുന്നു. ആറ് പേരുടെ കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്തണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കഴിഞ്ഞ ദിവസമാണ് ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും കാണാതായ ആറ് പേരുടെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് കുട്ടികളുടേയും മൂന്ന് സ്ത്രീകളുടേയും മൃതദേഹമാണ് ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്.

സുരക്ഷ ഉദ്യോഗസ്ഥരും കലാപകാരികളും തമ്മില്‍ മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 11 പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തി. ഇതിനിടെ അക്രമികളില്‍ ചിലര്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇവരുടെ മൃതദേഹമാണ് ലഭിച്ചത്. കൊല്ലപ്പെട്ടത് മെയ്തി വിഭാഗത്തില്‍ നിന്നുള്ളവരാണ്. കുക്കി വിഭാഗത്തിലുള്ളവര്‍ ആണ് ഇവരെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത് എന്നാണ് ആരോപണം.

ഇന്നലത്തെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മണിപ്പൂരിലെ അഞ്ച് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഴ് ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനവും നിരോധിച്ചിട്ടുണ്ട്. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപൂര്‍, തൗബല്‍, കാക്ചിംഗ്, കാങ്പോക്പി, ചുരാചന്ദ്പൂര്‍ ജില്ലകളിലാണ് രണ്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മണിപ്പൂരിലെ ജിരിബാം ഉള്‍പ്പെടെയുള്ള ആറ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ വ്യാഴാഴ്ച കേന്ദ്രം അഫ്‌സ്പ ഏര്‍പ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+