'7-8 മാസത്തോളം ഞാന്‍ ജയിലില്‍ ആയിരിക്കും', മനീഷ് സിസോദിയ സിബിഐക്ക് മുന്നില്‍
ഇത് വെല്ലുവിളി നിറഞ്ഞ സമയം ആണെന്ന് മനീഷ് സിസോദിയ സിബിഐ ഓഫീസിലേക്ക് പോകുന്നതിന് മുന്നോടിയായി പറഞ്ഞു.

ദില്ലി: മദ്യനയക്കേസില്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സിബിഐക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ പത്ത് മണിയോടെ വീട്ടില്‍ നിന്നും ഇറങ്ങിയ സിസോദിയയെ നൂറ് കണക്കിന് ആം ആദ്മി പ്രവര്‍ത്തകരാണ് സിബിഐ ഓഫീസിലേക്ക് റോഡ് ഷോ ആയി അനുഗമിച്ചത്. പ്ലക്കാര്‍ഡുകളെന്തിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്രവര്‍ത്തകര്‍ സിസോദിയയ്ക്ക് പിന്തുണ അറിയിച്ചു. തുറന്ന കാറില്‍ പ്രവര്‍ത്തകരെ വഴി നീളെ സിസോദിയ അഭിവാദ്യം ചെയ്തു.
ദില്ലിയിലെ രാജ്ഘട്ടിലുളള ഗാന്ധി സ്മാരകം സന്ദര്‍ശിച്ച ശേഷമാണ് സിസോദിയ സിബിഐ ഓഫീസിലേക്ക് പോയത്. ''7-8 മാസത്തോളം ഞാന്‍ ജയിലില്‍ ആയിരിക്കും. തന്നെകുറിച്ച് ഓര്‍ത്ത് വിഷമിക്കരുത്. തന്നെ കള്ളക്കേസില്‍ കുടുക്കാനാണ് അയാള്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ പോരാട്ടം തുടരണം. ആദ്യ ദിവസം മുതല്‍ തനിക്കൊപ്പം നില്‍ക്കുന്ന ഭാര്യയ്ക്ക് സുഖമില്ല, വീ്ട്ടില്‍ തനിച്ചുമാണ്. അവളെ ശ്രദ്ധിക്കണം. ദില്ലിയിലെ കുട്ടികളോട് പറയാനുളളത് നന്നായി പഠിക്കണമെന്നും മാതാപിതാക്കളെ അനുസരിക്കണം എന്നുമാണ്'', മനീഷ് സിസോദിയ ആം ആദ്മി പ്രവര്‍ത്തകരോട് പറഞ്ഞു.
സിബിഐ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് മനീഷ് സിസോദിയ ട്വിറ്ററില്‍ കുറിച്ചു. ''ലക്ഷക്കണക്കിന് കുട്ടികളുടെ സ്‌നേഹവും കോടിക്കണക്കിന് ആളുകളുടെ അനുഗ്രഹവും തനിക്കൊപ്പമുണ്ട്. കുറച്ച് മാസങ്ങള്‍ ജയിലില്‍ കഴിയേണ്ടി വന്നാലും തനിക്കതൊരു പ്രശ്‌നമല്ല. ഭഗത്സിംഗിന്റെ അനുയായി ആണ് താന്‍. രാജ്യത്തിന് വേണ്ടിയാണ് അദ്ദേഹം ജീവന്‍ ത്യാഗം ചെയ്തത്. ഇത്തരം വ്യാജ ആരോപണങ്ങളുടെ പേരില്‍ ജയിലില്‍ പോകേണ്ടി വന്നാല്‍ അതൊരു വിഷയമേ അല്ല'', മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു.
അരവിന്ദ് ജി തനിക്ക് ഗുരുവാണ്. നല്ല പ്രവര്‍ത്തനം തുടരണം എന്നാണ് അദ്ദേഹത്തോട് തനിക്ക് പറയാനുളളത്. തങ്ങള്‍ക്ക് ജയിലിനെ പേടിയില്ല. എന്നാല്‍ അവര്‍ക്ക് ആം ആദ്മി പാര്‍ട്ടിയേയും അരവിന്ദ് കെജ്രിവാളിനേയും പേടി ആയത് കൊണ്ട് തങ്ങള്‍ എതിരെ കേസെടുക്കാന്‍ ഇഡിയോടും സിബിഐയോടും ആവശ്യപ്പെട്ടിരിക്കുകയാണ്. ആപ് ഓരോ ദിവസും ശക്തിപ്പെട്ട് കൊണ്ടിരിക്കുന്നതിനാല്‍ ബിജെപിക്ക് തങ്ങളോടുളള ഭയം കൂടും. ബിജെപിയുടെ ദ്രോഹങ്ങളില്‍ നിന്ന് ആപ് രാജ്യത്തെ മോചിപ്പിക്കും. ലക്ഷക്കണക്കിന് സിസോദിയമാരുണ്ടാകും, എത്ര പേരെ അവര്‍ തടയുമെന്ന് നോക്കാം, മനീഷ് സിസോദിയ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications