വളരെ നല്ല രീതിയിൽ കൈാകര്യം ചെയ്യണമായിരുന്നു; പഞ്ചാബ് പ്രതിസന്ധിയിൽ വിമർശനവുമായി മനീഷ് തിവാരി
ദില്ലി; പഞ്ചാബ് പ്രതിസന്ധിയിൽ നേതൃത്വത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും എംപിയുമാ മനീഷ് തിവാരി.ഇത്തരം രാഷ്ട്രീയ അസ്ഥിരതയ്ക്കുള്ള മറുപടി സംസ്ഥാനത്തെ ജനം നൽകുമെന്ന് തിവാരി പറഞ്ഞു.ഓരോ കോൺഗ്രസുകാരനും ജന ഹിതം മാനിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. നിലവിലെ പ്രതിസന്ധി സംസ്ഥാനത്തിന് ഗുണകരമാകില്ല. സാഹചര്യങ്ങൾ വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യണമായിരുന്നുവെന്ന് തിവാരി പറഞ്ഞു.
പഞ്ചാബ് പ്രതിസന്ധിയിൽ ഏറെ ദുഃഖം തോന്നുന്നു. പിസിസി അധ്യക്ഷായിരുന്ന നവജ്യോത് സിംഗ് സിദ്ധു സ്ഥിരത ഇല്ലാത്ത നേതാവാണെന്ന വിമർശനം പല തവണയായി മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഉയർത്തിയിരുന്നുവെന്ന് തിവാരി പറഞ്ഞു.

പിസിസി അധ്യക്ഷനായിരുന്ന നവജ്യോത് സിംഗ് സിദ്ധുവിന്റെ രാജിയാണ് സംസ്ഥാനത്ത് പുതിയ പ്രതിസന്ധിയ്ക്ക് വഴിവെച്ചത്. അധ്യക്ഷ സ്ഥാനത്ത് എത്തി 72ാം നാളാണ് സിദ്ധു പദവി രാജിവെച്ചത്. പഞ്ചാബിന്റെ നല്ലതിനായി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ലെന്നും വ്യക്തിത്വം പണയപ്പെടുത്തി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നുമായിരുന്നു സിദ്ധു രാജിക്കത്തിൽ വ്യക്തമാക്കിയത്.സിദ്ധുവിന്റെ രാജിയ്ക്ക് പിന്നാലെ അദ്ദേഹത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രണ്ട് മന്ത്രിമാർ ഉൾപ്പെടെ അഞ്ച് പ്രമുഖ നേതാക്കൾ കൂടി രാജിവെച്ചിരുന്നു.
അതിനിടെ ഇന്ന് രാജിയിൽ വിശദീകരണവുമായി സിദ്ധു രംഗത്തെത്തിയിരുന്നു. ആശയങ്ങൾ മുറുകെ പിടിക്കുന്നതിനായി എന്ത് ത്യാഗവും നേരിടുമെന്നും കളങ്കിതരായ മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്ള സംവിധാനം തകർക്കേണ്ടതുണ്ടെന്നും ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോയിൽ സിദ്ധു പറഞ്ഞിരുന്നു. അവസാന ശ്വാസം വരെ സത്യത്തിനായി പോരാട്ടം തുടരുമെന്നും വീഡിയോയിൽ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അമരീന്ദർ സിംഗ് രാജിവെച്ചതോടെ സംസ്ഥാന്തത് ആധിപത്യം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു സിദ്ധു. എന്നാൽ പാർട്ടിയുടെ പ്രതീക്ഷകൾ എല്ലാം അസ്ഥാനത്താക്കി ദളിത് നേതാവായ ചരൺ ജിത്ത് ചന്നിയെ ദേശീയ നേതൃത്വം മുഖ്യമന്ത്രിയാക്കി നിയമിച്ചു. മാത്രമല്ല പുതിയ മന്ത്രിസഭയിൽ സിദ്ധുവിന്റെ നിർദ്ദേശങ്ങൾ പരിഗണിക്കാനും നേതൃത്വം തയ്യാറായിരുന്നില്ല. തന്റെ എതിരാളിയായ ഉപമുഖ്യമന്ത്രി എസ്.എസ്.രൺധാവയ്ക്ക് ആഭ്യന്തരം നൽകിയതും രണ്ടാം ഉപമുഖ്യമന്ത്രിയായി ഒപി സോണിയെ നിയമിച്ചതും സിദ്ധുവിനെ ചൊടുപ്പിച്ചിരുന്നു. അഴിമതിക്കേസിൽ ആരോപണ വിധേയനായ റാണ ഗുർജിത്ത് സിംഗിനെ നിയമിച്ചതും എ.പി.എസ്. ഡിയോളിനെ അഡ്വക്കറ്റ് ജനറലായി നിയമിച്ചതിലുമെല്ലാം സിദ്ധുവിനെ പ്രകോപിച്ചെന്നും ഇതാണ് അപ്രതീക്ഷിതമായുള്ള രാജിയിലേക്ക് നയിച്ചതെന്നുമാണ് സൂചന.
അതിനിടെ സിദ്ധുവിന്റെ അടുത്ത നീക്കം എന്താകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. കോൺഗ്രസിൽ സാധാരണ പ്രവർത്തകനായി തുടരുമെന്നാണ് സിദ്ദു ആവർത്തിക്കുന്നത്.എന്നാൽ സിദ്ധു ആം ആദ്മിയിലേക്ക് ചേക്കേറിയേക്കുമോയെന്നുള്ള ചർച്ചകൾ ചൂട് പിടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഭരണം പിടിക്കാൻ തന്ത്രങ്ങൾ മെനയുന്ന ആം ആദ്മിയെ സംബന്ധിച്ച് സിദ്ധുവുന്റെ വരവ് വലിയ ബൂസ്റ്റാകും . നേരത്തേ തന്നെ സിദ്ധുവിനെ ആം ആദ്മി നോട്ടമിട്ടിരുന്നു. അതേസമയം അമരീന്ദറിനെതിരെ യുദ്ധം പ്രഖ്യാപിച്ച സിദ്ധുവിനെ പാർട്ടിയിലെടുക്കുന്നതിനോട് ആം ആദ്മിയിലെ ഒരു വിഭാഗം നേതാക്കൾക്ക് താത്പര്യമില്ലെന്നാണ് വിവരം. എന്തായാലും പ്രതിസന്ധിയ്ക്ക് ഇടയിൽ ആം ആദ്മി തലവനും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ പഞ്ചാബിൽ എത്തിയിട്ടുണ്ട്. ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ അദ്ദേഹം നാളെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. അത് സിദ്ധു ആകുമോയെന്നത് മാത്രമാണ് ഇപ്പോൾ നിലനിൽക്കുന്ന സസ്പെൻസ്.
Recommended Video
അതേസമയം കോൺഗ്രസുമായി അകൽച്ചയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ദില്ലിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ കൂടിക്കാഴ്ച സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.












Click it and Unblock the Notifications