മനീഷ് തിവാരി കോണ്‍ഗ്രസ് വിടുമോ? പഞ്ചാബ് കോണ്‍ഗ്രസില്‍ പോര് രൂക്ഷം, സൂചന നല്‍കി പോസ്റ്റ്
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങാൻ മാസങ്ങൾ ബാക്കിയുണ്ടെങ്കിലും കോൺഗ്രസ് ക്യാമ്പുകളിൽ ഇപ്പോൾ തന്നെ ആഭ്യന്തര തർക്കം തുടങ്ങി. ഭരണം തിരിച്ചുപിടിക്കാൻ ഹൈക്കമാൻഡ് കഠിനശ്രമങ്ങൾ നടത്തുന്നതിനിടെയാണ് പാർട്ടിയെ നടുക്കിയ പുതിയ പ്രതിസന്ധി. കെ.സി. വേണുഗോപാൽ ജൂലൈ ഒന്നിന് പഞ്ചാബിലെ പുതിയ തിരഞ്ഞെടുപ്പ് സമിതികൾ പ്രഖ്യാപിച്ചതോടെ തർക്കം പരസ്യമായി. മുതിർന്ന നേതാവും ചണ്ഡീഗഡ് എം.പിയുമായ മനീഷ് തിവാരിയെ ഈ സമിതികളിൽ നിന്നെല്ലാം തഴഞ്ഞതാണ് പോരിലേക്ക് വഴിമാറിയത്.
തീരുമാനത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തിയ മനീഷ് തിവാരി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ കോൺഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ചു. "നിങ്ങളുടെ കഴിവ് മറ്റുള്ളവരുടെ അരക്ഷിതാവസ്ഥയായി മാറുമ്പോൾ, തീരുമാനങ്ങൾ സംഘടനാപരമായിരിക്കില്ല, മറിച്ച് വ്യക്തിപരമായ മുൻവിധികളാൽ നയിക്കപ്പെടുന്നവയായിരിക്കും. വ്യക്തികളുടെ അരക്ഷിതാവസ്ഥയ്ക്ക് എന്റെ പക്കൽ മരുന്നില്ല," എന്ന് അദ്ദേഹം കുറിച്ചു. 1981 മുതൽ 45 വർഷമായി കോൺഗ്രസിനായി നടത്തിയ സേവനങ്ങളെ ഓർമ്മിപ്പിച്ച തിവാരി, 'നടക്കേണ്ടത് നടക്കുക തന്നെ ചെയ്യും' എന്ന വരികളോടെയാണ് തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.

തിവാരിയുടെ ഈ പരസ്യ പ്രതികരണം അദ്ദേഹം പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. പഞ്ചാബിലെ പ്രവർത്തകർക്കിടയിലും അദ്ദേഹത്തിന്റെ അനുയായികൾക്കിടയിലും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാന കോൺഗ്രസിലെ വിഭാഗീയതയുടെയും ഗ്രൂപ്പ് പോരുകളുടെയും തെളിവാണ് തിവാരിക്കെതിരെ ഉണ്ടായ ഈ നീക്കമെന്നാണ് ഒരു വിഭാഗം പ്രവർത്തകർ വിലയിരുത്തുന്നത്.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഒപ്പിട്ട പുതിയ കമ്മിറ്റി ലിസ്റ്റ് പ്രകാരം അമരീന്ദർ സിംഗ് രാജ വാറിങ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായും പ്രതാപ് സിംഗ് ബജ്‌വ നിയമസഭാ കക്ഷി നേതാവായും തുടരും. മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിക്കാണ് തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ അധ്യക്ഷ ചുമതല. കൂടാതെ മുതിർന്ന ലോക്സഭാ എം.പി സുഖ്ജീന്ദർ സിംഗ് രൺധാവയെ കോർ കമ്മിറ്റി തലവനായും വിജയ് ഇന്ദർ സിംഗ്ലയെ തിരഞ്ഞെടുപ്പ് കോർഡിനേഷൻ കമ്മിറ്റിയുടെ തലവനായും നിയോഗിച്ചു.
സംഘടനാ വിപുലീകരണത്തിന്റെ ഭാഗമായി ഡോ. അമർ സിംഗ് എം.പിയെ പ്രകടനപത്രിക സമിതി തലവനായി നിയമിച്ചിട്ടുണ്ട്. ഒപ്പം സുഖ്‌വിന്ദർ സിംഗ് ഡാനി, രാജ്കുമാർ വെർക, സംഗത് സിംഗ് ഗിൽസിയാൻ എന്നിവരെ വർക്കിംഗ് പ്രസിഡന്റുമാരായും സുഖ്പാൽ സിംഗ് ഖൈറ, റാണ ഗുർജിത് സിംഗ്, ധർമ്മവീർ ഗാന്ധി എന്നിവരെ പ്രചാരണ സമിതിയുടെ സഹ-അധ്യക്ഷന്മാരായും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത്രയധികം നേതാക്കൾക്ക് വിപുലമായ പദവികൾ നൽകിയപ്പോഴും മനീഷ് തിവാരിയുടെ പേര് ഒരിടത്തും പരാമർശിക്കാതിരുന്നത് ആസൂത്രിതമാണെന്നാണ് ആരോപണം.
ചണ്ഡീഗഡ്, മൊഹാലി, പഞ്ചകുല, ആനന്ദ്പൂർ സാഹിബ് എന്നിവിടങ്ങളില് ശക്തമായ രാഷ്ട്രീയ അടിത്തറയുള്ള മനീഷ് തിവാരിയുടെ ഇടപെടലുകൾ തടയുക എന്നതായിരുന്നു തിവാരി വിരുദ്ധ വിഭാഗത്തിന്റെ പ്രധാന ലക്ഷ്യം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിലും നയപരമായ തീരുമാനങ്ങളിലും അദ്ദേഹത്തിന്റെ സ്വാധീനം ഒഴിവാക്കാൻ ചില പ്രാദേശിക നേതാക്കൾ കരുതിക്കൂട്ടി കരുക്കൾ നീക്കിയതായാണ് റിപ്പോർട്ട്. ഈ സന്ദർഭം മുതലെടുക്കാൻ സംസ്ഥാനത്തെ പ്രധാന എതിരാളികളായ എ.എ.പിയും ബി.ജെ.പിയും രംഗത്തെത്തുകയും കോൺഗ്രസിന്റെ ഭിന്നതയെ പരിഹസിക്കുകയും ചെയ്തു.















Click it and Unblock the Notifications