അമര്‍ രഹേ.. യമുനാ തീരത്ത് മന്‍മോഹന് അന്ത്യവിശ്രമം, ആദരവോടെ വിട നല്‍കി രാജ്യം
യമുനാതീരത്തെ ശബ്ദമുഖരിതമാക്കി 'അമര്‍ രഹേ' മുദ്രാവാക്യങ്ങള്‍ മുഴങ്ങി. രാജ്യത്തിന്റെ ഗതിമാറ്റിയ പ്രധാനമന്ത്രിക്ക് അര്‍ഹിക്കുന്ന ആദരവോടെ വിട. യാത്രാമൊഴി നല്‍കാനെത്തിയവരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും സാധാരണക്കാരും വരെ. ഒടുവില്‍ യമുനയുടെ കരയില്‍ നിഗംബോധ് ഘാട്ടില്‍ മന്‍മോഹന് അന്ത്യവിശ്രമം.
പൂര്‍ണ ഔദ്യോഗിക ബഹുമതികളോട് കൂടിയാണ് സംസ്‌ക്കാരം. പൂക്കള്‍ കൊണ്ട് അലങ്കരിച്ച തുറന്ന ട്രക്കില്‍ വിലാപയാത്രയായാണ് കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്ന് മന്‍മോഹന്‍ സിംഗിന്റെ മൃതദേഹം നിഗംബോധ് ഘാട്ടിലേക്ക് എത്തിച്ചത്. രാഹുല്‍ ഗാന്ധി അടക്കമുളള നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും അന്ത്യയാത്രയില്‍ പ്രിയ നേതാവിനെ അനുഗമിച്ചു. യാത്രയിലുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 'മന്‍മോഹന്‍ അമര്‍ രഹേ' മുദ്രാവാക്യങ്ങള്‍ മുഴക്കുന്നുണ്ടായിരുന്നു.

രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരും ഭൂട്ടാന്‍ രാജാവ് ജിഗ്മെ വാംങ്ചുക്, മൗറീഷ്യസ് വിദേശകാര്യ മന്ത്രി എന്നിവരും മന്‍മോഹന്‍ സിംഗിന്റെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തു. മുന്‍പ്രധാനമന്ത്രിയോടുളള ആദരസൂചകമായി രാജ്യത്ത് 7 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമയത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
കോണ്‍ഗ്രസും ഒരാഴ്ചത്തേക്ക് പാര്‍ട്ടിയുടെ സ്ഥാപക ദിനാഘോഷം അടക്കമുളള ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. ജനുവരി 3നായിരിക്കും പരിപാടികള്‍ പുനരാരംഭിക്കുക. 92കാരനായ മന്‍മോഹന്‍ സിംഗ് വ്യാഴാഴ്ച രാത്രി ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഏതാനും മാസങ്ങളായി അദ്ദേഹം വാര്‍ധക്യ സഹജമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുകയായിരുന്നു. 2004 മുതല്‍ 2014 വരെ യുപിഎ സര്‍ക്കാരിനെ നയിച്ച അദ്ദേഹം ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌ക്കാര ശില്‍പി എന്നാണ് അറിയപ്പെടുന്നത്.












Click it and Unblock the Notifications