മന്‍മോഹന്‍, ഇമെയിലും ഫോണും ഇല്ലാത്ത പ്രധാനമന്ത്രി
ദില്ലി: അമേരിക്കന്‍ ഏജന്‍സികള്‍ ലോകനേതാക്കളുടെ ഇമെയിലും ഫോണും ഹാക്ക് ചെയ്യുന്ന പരിപാടി തുടങ്ങിയിട്ട് കുറെ നാളായി. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് യാതൊരു കുലുക്കവുമില്ല. കാരണമെന്താണെന്നല്ലേ? അദ്ദേഹത്തിന് സ്വന്തമായി ഇമെയിലോ മൊബൈല്‍ നമ്പറോ ഇല്ല. പ്രധാനമന്ത്രിയുടെ ഓഫിസ് തന്നെയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിട്ടുള്ളത്.
പ്രസിദ്ധമായ ഗാര്‍ഡിയന്‍ പത്രമാണ് 35 ലോകനേതാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഈ ലിസ്റ്റില്‍ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലിന്റെ പേരും കടന്നു കൂടിയതോടെ വിവാദം കൊഴുത്തു. ലിസ്റ്റിലുള്ള എല്ലാ രാജ്യങ്ങളും തങ്ങളുടെ നേതാക്കളുടെ വിവരങ്ങള്‍ കൂടുതല്‍ ഭദ്രമാക്കി വെയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.

അതേ സമയം മന്‍മോഹന്‍ സിങിന്റെ കാര്യത്തില്‍ കൂടുതല്‍ സുരക്ഷയുടെ ആവശ്യമൊന്നും ഉദിക്കുന്നില്ല. ഔദ്യോഗിക ഫോണും ഇമെയിലും മാത്രമേ മന്‍മോഹന്‍ സിങ് ഉപയോഗിക്കുന്നുള്ളൂ. അതും സെക്രട്ടറിമാരാണ് വേണ്ട കാര്യങ്ങള്‍ ചെയ്യുന്നത്. എന്തായാലും സോണിയയ്ക്കും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും ഒരു കാര്യം ഉറപ്പിക്കാം. മന്‍മോഹന്‍സിങിലൂടെ ഒരു ഭരണ രഹസ്യവും പുറത്തുപോകില്ല. ഔദ്യോഗിക ഫോണുകളും ഇമെയിലുകളും ശക്തമായ സുരക്ഷാ സംവിധാനത്തിലായതിനാല്‍ പത്ര വാര്‍ത്തയെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ചുരുക്കം.












Click it and Unblock the Notifications