മന്‍മോഹന്‍ സിംഗ് ഒറ്റയ്ക്കല്ല, പ്രതികളാക്കപ്പെട്ട പ്രധാനമന്ത്രിമാര്‍ വേറെയും, കാണൂ
ദില്ലി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ പ്രതി ചേര്‍ത്തത് വാര്‍ത്തയായിരുന്നു. അഴിമതി ആരോപണത്തിന്റെ പേരില്‍ ആദ്യമായി പ്രതിചേര്‍ക്കപ്പെടുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആണോ എന്ന് സ്വാഭാവികമായി പലരിലും സംശയം ഉണ്ടാകാം. എന്നാല്‍ ആദ്യമേ പറയട്ടേ മന്‍മോഹന്‍ സിങ് മാത്രമല്ല അഴിമതി ആരോപണത്തിന്റെ പേരില്‍ കേസില്‍ അകപ്പെടുന്ന പ്രധാനമന്ത്രി.
ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു എന്നീ മുന്‍ പ്രധാനമന്ത്രിമാരും വന്‍ അഴിമതി ആരോപണങ്ങളിലും അതുമായി ബന്ധപ്പെട്ട കേസുകളിലും അകപ്പെട്ടിട്ടുണ്ട്. പിന്നെ ഏറെ രസകരമായ ഒരു കാര്യമെന്താണെന്നോ ഈ മൂന്ന് മുന്‍പ്രധാനമന്ത്രിമാരുടേയും സഭകളില്‍ മന്ത്രിസ്ഥാനം ഉള്‍പ്പടെ നിര്‍വഹിച്ചിട്ടുളള വ്യക്തിയാണ് മന്‍മോഹന്‍ സിങ്.

ഇന്ദിരാഗാന്ധി
1975ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വസ്‌തുവകകള്‍ ദുരുപയോഗം ചെയ്‌തു എന്ന സോഷ്യലിസ്‌റ്റ് നേതാവ് രാജ് നരെയന്റെ പരാതിയാണ് ഇന്ദിരാഗാന്ധിയെന്ന ഇന്ത്യയുടെ ശക്തയായ പ്രധാനമന്ത്രിയെ അഴിമതി ആരോപണത്തിലേയ്‌ക്ക് വലിച്ചിഴയ്‌ക്കുന്നത്. റായ് ബറൈലിയില്‍ വിജയിക്കുന്നതിന് ഇന്ദിര സര്‍ക്കാര്‍ വസ്‌തുവകകള്‍ ദുരുപയോഗം ചെയ്‌തുവെന്ന് എതിര്‍ സ്ഥാനാര്‍ത്ഥി രാജ് നരെയന്‍ അലഹബാദ് ഹൈക്കോടതിയില്‍ കേസ് കൊടുത്തു. കേസില്‍ ഇന്ദിരാഗാന്ധിയ്‌ക്കെതിരെ വിധിയുണ്ടാവുകയും കോടതിയെ അപ്രസസക്തമാക്കാന്‍ അവര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും ഏറെക്കുറേ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

രാജീവ് ഗാന്ധി
ആയുധ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസായ ബോഫോഴ്‌സ് കേസില്‍ ആണ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി അകപ്പെടുന്നത്. 1999 ലാണ് കേസില്‍ ആദ്യത്തെ കുറ്റപത്രം സിബിഐ നല്‍കുന്നത്. കേസില്‍ രാജീവ് ഗാന്ധിയുടെ പേരും സിബിഐ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

നരസിംഹ റാവു
അഴിമതി ആരോപണങ്ങള്‍, സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകള്‍, ജെഎന്‍എം കൈക്കൂലിക്കേസ്, ബാബറി മസ്‌ജിദ് പ്രശ്‌നം എന്നിവയുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകളിലാണ് നരസിഹം റാവു അകപ്പെട്ടത്.

മന്‍മോഹന്‍ സിംഗ്
കല്‍ക്കരിപ്പാട വിതരണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സിബിഐ പ്രതിചേര്‍ത്ത സംഭവമാണ് ഏറ്റവും ഒടുവിലത്തേത്. പത്ത് വര്‍ഷത്തെ പ്രധാനമന്ത്രി പദത്തില്‍ ഒട്ടേറെ ആരോപണങ്ങള്‍ നേരിട്ട വ്യക്തിയാണ് മന്‍മോഹന്‍ സിംഗ്.












Click it and Unblock the Notifications