മോഡിയെ നിസാരമായി കാണരുതെന്ന് പ്രധാനമന്ത്രി
ദില്ലി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയെ നിസാരമായി കാണരുതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. കേന്ദ്രമന്ത്രിമാരായ കപില്‍ സിബലിന്റെയും ജയറാം രമേശിന്റെയും പ്രസ്താവനകള്‍ക്ക് മറുപടിയായാണ് മന്‍മോഹന്‍ സിംഗ് ഇക്കാര്യം സൂചിപ്പിച്ചത്. മോഡിയുടെ സ്ഥാനാര്‍ഥിത്വം തങ്ങള്‍ക്ക് ഒരു പ്രശ്‌നമായി തോന്നുന്നില്ല എന്നായിരുന്നു കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും മന്ത്രിമാരുമായ ഇരുവരും പറഞ്ഞത്.
ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ ആരെയും നിസാരവല്‍ക്കരിക്കാന്‍ നമുക്ക് കഴിയില്ല. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് സമ്മേളനത്തില്‍ പങ്കെടുക്കവേ നരേന്ദ്രമോഡിയെ പേരെടുത്ത് പറയാതെ മന്‍മോഹന്‍ സിംഗ് വിശദീകരിച്ചു. എതിര്‍പക്ഷത്തെ കണക്കിലെടുത്ത് മുന്നോട്ടുപോകണം എന്ന നിലപാടുകാരനാണ് താനെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പുകളിലും വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പാര്‍ട്ടി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിലെ ഫലങ്ങളെക്കുറിച്ച് പാര്‍ട്ടിക്ക് ഒരുതരത്തിലുമുള്ള ആശങ്കയില്ല. ദാരിദ്ര്യത്തിന്റെയും സാമ്പത്തിക മാന്ദ്യത്തിന്റെയും പിടിയില്‍ നിന്നും വികസനത്തിന്റെ പാതയിലാണ് ഇപ്പോള്‍ രാജ്യം. എന്നാലും ദാരിദ്ര്യത്തില്‍ നിന്നും പൂര്‍ണമായി മുക്തരാകാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല.
മുന്‍പ് നടത്തിയ പരിഷ്‌കാരങ്ങള്‍ പലതും തെറ്റിപ്പോയിരുന്നു എന്ന് അദ്ദഹം തുറന്നുസമ്മതിച്ചു. എന്നാലും അവയെല്ലാം മറികടന്ന് വികസനപാതയിലെത്താന്‍ നമുക്ക് കഴിഞ്ഞു എന്ന വിശ്വാസത്തിലാണ് പ്രധാനമന്ത്രി. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി കോണ്‍ഗ്രസിന് മേല്‍ വ്യക്തമായ ആധിപത്യം നേടുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രി സ്വരം മയപ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്.


Click it and Unblock the Notifications