ഷഹീൻബാഗിൽ സമരം ചെയ്യുന്നവർ എന്തുകൊണ്ടാണ് മരിക്കാത്തത്? വിവാദത്തിന് തിരികൊളുത്തി ദിലീപ് ഘോഷ്
കൊൽക്കത്ത: പൌരത്വ നിയമവിരുദ്ധ പ്രക്ഷോഭകർക്കെതിരെ വിവാദ പ്രസ്താവനയുമായി ബംഗാൾ ബിജെപി തലവൻ ദിലീപ് ഘോഷ്. എന്തുകൊണ്ടാണ് പൌരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഷഹീൻബാഗിൽ ആരും മരിച്ചുവീഴാത്തതെന്നാണ് ബിജെപി നേതാവിന്റെ പ്രസ്താവന. വർഷങ്ങൾക്ക് മുമ്പ് നോട്ട് നിരോധനമുണ്ടായപ്പോൾ ബാങ്കിൽ നിന്ന് പണം പിൻവലിക്കാൻ ക്യൂ നിന്നപ്പോൾ നിരവധി പേർക്ക് ജീവൻ നഷ്ടമായിരുന്നു.
പെരുമാറ്റച്ചട്ട ലംഘനം: വിവാദ പ്രസ്താവനയിൽ അനുരാഗ് ഠാക്കൂറിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്
"എന്നെ അത്ഭുതപ്പെടുത്തുന്നത് എന്താണെന്നാൽ, നോട്ട് നിരോധ കാലത്ത് രണ്ടും മൂന്നും മണിക്കൂർ ക്യൂവിൽ നിൽക്കുമ്പോഴേക്ക് ആളുകൾ മരിച്ചു വീണിരുന്നു. എന്നാൽ ഷഹീൻ ബാഗിൽ സ്ത്രീകളും കുട്ടികളും സമരം ചെയ്യുന്നത് 4-5 ഡിഗ്രിയിൽ കനത്ത തണുപ്പുസഹിച്ചാണ്. എന്നിട്ടും ആരും മരണപ്പെടുന്നില്ല. എന്ന് അമൃതാണ് അവരുടെ കൈവശമുള്ളതെന്നാണ് എന്നെ ആശ്ചര്യപ്പെടുത്തുന്നത്. മരിക്കാതിരിക്കുന്നത് അവർക്ക് നൽകുന്നത് എന്ത് തരം പ്രേരണയാണ് നൽകുന്നത്?" കൊൽക്കത്തയിൽ ഒരു വാർത്താ സമ്മേളനത്തിനിടെയായിരുന്നു ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന.
ഷഹീൻബാഗിൽ സ്ത്രീകളും കുട്ടികളും രാത്രി പോലും സമരം തുടരുന്നതുകൊണ്ട് ആളുകൾ ഷഹീൻബാഗിനെ ആശ്ചര്യത്തോടെയാണ് നോക്കിക്കാണുന്നതെന്നും ഘോഷ് പറയുന്നു. അവർക്ക് പ്രതിദിനം 500 രൂപ ലഭിക്കുന്നുണ്ടെന്നാണ് ചിലർ പറയുന്നതെന്നും ഘോഷ് കൂട്ടിച്ചേർത്തു. സിഎഎ വിരുദ്ധ പ്രതിഷേധത്തിന് വേണ്ടി വിദേശത്തുനിന്ന് പണമെത്തുന്നുവെന്ന എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണിത്. സിഎഎക്കും എൻആർസിക്കുമെതിരെ ഷാൻബാഗിൽ പ്രതിഷേധം ആരംഭിച്ചിട്ട് ഇതിനകം ഒരു മാസം കഴിഞ്ഞിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമാണ് പ്രതിഷേധത്തിന്റെ മുൻ നിരയിലുള്ളത് എന്നതും ശ്രദ്ധേയമാണ്. ഉത്തർപ്രദേശിലും മുംബൈയിലും ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സമാന രീതിയുള്ള പ്രതിഷേധങ്ങൾ ശക്തിയാർജ്ജിക്കുന്നത്.
ഡിസംബറിൽ ഇന്ത്യൻ പാർലമെന്റ് പൌരത്വ ഭേദഗതി നിയമത്തിന് അംഗീകാരം നൽകിയതോടെയാണ് രാജ്യത്ത് സിഎഎക്കെതിരായ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര പൌരന്മാർക്ക് ഇന്ത്യൻ പൌരത്വം നൽകുന്നതിനുള്ള നിയമം വിവേചനപരമാണ് എന്ന വിമർശനമാണ് ഏറ്റവുമധികം ഉയർന്നുകേൾക്കുന്നത്.