'പ്രതിപക്ഷത്തെ പലരും നമുക്കൊപ്പം ചേരാൻ നിൽക്കുന്നു', വിടവാങ്ങൽ പ്രസംഗത്തിൽ യെഡിയൂരപ്പ
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് യെഡിയൂരപ്പ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കർണാടകത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

ബെംഗളൂരു: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചതിന് ശേഷം കര്‍ണാടക നിയമസഭയില്‍ തന്റെ വിടവാങ്ങല്‍ പ്രസംഗം നടത്തി മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ. തന്റെ അവസാന ശ്വാസം വരെയും പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വേണ്ടിയും പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ വേണ്ടിയും പ്രവര്‍ത്തിക്കുമെന്ന് യെഡിയൂരപ്പ പറഞ്ഞു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചുവെങ്കിലും താന്‍ വീടിനകത്തിരിക്കുന്ന പ്രശ്‌നമേ ഇല്ലെന്ന് 79കാരനായ യെഡിയൂരപ്പ പറഞ്ഞു. നിയമസഭാ സമ്മേളനത്തിന് ശേഷം താന്‍ പാര്‍ട്ടിക്കും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി സംസ്ഥാന വ്യാപകമായി യാത്ര നടത്തുമെന്നും യെഡിയൂരപ്പ പ്രഖ്യാപിച്ചു. ആത്മവിശ്വാസത്തോടെ ജനങ്ങളെ സമീപിക്കാനും വോട്ട് ചോദിക്കാനും ബിജെപി എംഎല്‍എമാരോട് യെഡിയൂരപ്പ നിര്‍ദേശിച്ചു.

''ദൈവം ആരോഗ്യം നല്‍കുകയാണെങ്കില്‍ ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞ് 5 വര്‍ഷത്തിന് ശേഷം വരുന്ന അടുത്ത തിരഞ്ഞെടുപ്പിലും താന്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കാന്‍ വേണ്ട ശ്രമങ്ങള്‍ നടത്തും. നിങ്ങള്‍ക്കെല്ലാം അറിയുന്നത് പോലെ താന്‍ ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. അതേസമയം തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും ലഭിച്ച ആദരവും പദവികളും ജീവനുളള കാലത്തോളം മറക്കില്ല'', യെഡിയൂരപ്പ കൂട്ടിച്ചേര്‍ത്തു.
''ജീവന്റെ അവസാന ശ്വാസം വരെ താന്‍ ബിജെപിയെ വളര്‍ത്തുന്നതിനും അധികാരത്തിലെത്തിക്കുന്നതിനും വേണ്ടി ആത്മാര്‍ത്ഥമായി പ്രയത്‌നിക്കും. അക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ബിജെപി എംഎല്‍എമാരോട് പറയാനുളളത് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാനും തിരഞ്ഞെടുപ്പിന് വേണ്ടി തയ്യാറെടുക്കാനുമാണ്. പ്രതിപക്ഷത്ത് നിന്ന് നിരവധി പേര്‍ നമ്മളോടൊപ്പം വരാന്‍ തയ്യാറായി നില്‍ക്കുകയാണ്''. നിങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ അവരെ കൂടെ കൂട്ടുകയും ബിജെപിയെ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തിക്കുകയും ചെയ്യാമെന്നും യെഡിയൂരപ്പ പറഞ്ഞു..












Click it and Unblock the Notifications