മാവോയിസ്റ്റ് ബന്ധം: യുഎപിഎ കേസില്‍ പ്രൊഫ സായിബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി
മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു എ പി എ കേസെടുത്ത ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജി എന്‍ സായിബാബയെയും മറ്റ് അഞ്ച് പേരെയും ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. തീവ്രവാദ വിരുദ്ധ നിയമമായ യു എ പി എ പ്രകാരമുള്ള ശിക്ഷയ്ക്കും ജീവപര്യന്തം ശിക്ഷയ്ക്കുമെതിരായ ഇവരുടെ അപ്പീല്‍ കോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസ് രോഹിത് ദിയോ, അനില്‍ പന്‍സാരെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ശാരീരിക അവശതയെ തുടര്‍ന്ന് വീല്‍ചെയറില്‍ കഴിയുന്ന സായിബാബ ഇപ്പോള്‍ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ഇപ്പോള്‍ കുറ്റവിമുക്തരാക്കിയവര്‍ മറ്റേതെഹ്കിലും കേസില്‍ പ്രതികളല്ലെങ്കില്‍ ഉടന്‍ തന്നെ ജയില്‍ മോചിതരാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. 2017 മാര്‍ച്ചില്‍, മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ല സെഷന്‍സ് കോടതിയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സായിബാബയെയും മറ്റുള്ളവരെയും ശിക്ഷിച്ചത്. സായിബാബ ഉള്‍പ്പടെയുള്ളവര്‍ കുറ്റക്കാരാനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
അതേസമയം, ഹൈക്കോടതിയില്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടി പ്രദീപ് മന്ധ്യാന്‍, ബരുണ്‍കുമാര്‍, എച്ച്. ലിംഗായത്ത്, സുബോധ് ധര്‍മ്മാധികാരി മുതിര്‍ന്ന അഭിഭാഷകന്‍ നിഹാല്‍സിങ് റാത്തോഡ് എന്നിവരാണ് ഹാജരായത്. സംസ്ഥാനത്ത് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സിദ്ധാര്‍ഥ് ദവെ ഹാജരായി. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശിക്ഷ റദ്ദാക്കണമെന്ന് പ്രൊഫ സായിബാബ ആവശ്യപ്പെട്ടിരുന്നു. വൃക്ക, സുഷുമ്നാ നാഡി സംബന്ധമായ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ ഒന്നിലധികം രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ ഹര്‍ജി 2019ല്‍ കോടതി തള്ളുകയായിരുന്നു.












Click it and Unblock the Notifications