മാവോയിസ്റ്റ് ബന്ധം: പ്രൊഫസർ ജിഎൻ സായിബാബ ഉള്‍പ്പെടെ ആറുപേരെ കുറ്റവിമുക്തരാക്കി
മുംബൈ: മാവോയിസ്റ്റ് ബന്ധ ആരോപണ കേസില്‍ ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജിഎൻ സായിബാബയെയും മറ്റ് അഞ്ച് പേരെയും കുറ്റവിമുക്തരാക്കി. ബോംബൈ ഹൈക്കോടതിയുടേതാണ് നടപടി. 2017ൽ ജിഎൻ സായിബാബ ഉൾപ്പെടെയുള്ളവരെ ശിക്ഷിച്ച നാഗ്പൂർ സെഷൻസ് കോടതിയുടെ വിധി ജസ്റ്റിസുമാരായ വിനയ് ജോഷി, വാൽമീകി എസ്എ മെനേസസ് എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കുകയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ വിചാരണ പൂർത്തിയായ കേസിലാണ് ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്. 2022 ഒക്ടോബർ 14 ന് ജസ്റ്റിസുമാരായ രോഹിത് ദേവ്, അനിൽ പൻസാരെ എന്നിവരുടെ ബെഞ്ച് കീഴ്കോടതി വിചാരണയിലെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി സായിബാബ അടക്കം അഞ്ചുപേരെ കുറ്റമുക്തരാക്കിയിരുന്നു. എന്നാല്‍ ഉടന്‍ തന്നെ സുപ്രീം കോടതിയെ സമീപിച്ച് മഹാരാഷ്ട്ര സർക്കാർ ഹൈക്കോടതി വിധിക്ക് സ്റ്റേ വാങ്ങിക്കുകയായിരുന്നു.

കേസിന്റെ യോഗ്യത പരിഗണിക്കാതെ സാങ്കേതികത മാത്രമാണ് പരിഗണിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. അന്ന് രാത്രി പ്രത്യേക സിറ്റിങ് നടത്തി വിധി സ്റ്റേ ചെയ്ത കോടതി പുതിയ ബെഞ്ചിനോട് വാദം കേള്‍ക്കാന്‍ നിർദേശിക്കുകയായിരുന്നു.
വീൽ ചെയറില്‍ കഴിയുന്ന 54 കാരനായ സായിബാബ 99 ശതമാനം അംഗവൈകല്യമുള്ളയാളുമാണ്. നിലവില്‍ നാഗ്പൂർ സെൻട്രൽ ജയിലിലാണ് ഇദ്ദേഹം കഴിയുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചും രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും 2017 മാർച്ചിൽ ഗഡ്ചിരോളിയിലെ സെഷൻസ് കോടതി ജി എൻ സായിബാബയെയും മറ്റുള്ളവരെയും ശിക്ഷിക്കുകയായിരുന്നു.
സായിബാബ അടക്കം നാലുപേർക്ക് ജീവപര്യന്തവും മറ്റൊരാൾക്ക് പത്തുവർഷം തടവുമായിരുന്നു ഗഢ്ചിറോളിയിലെ പ്രത്യേക കോടതി വിധിച്ചത്. സായിബാബക്കെതിരെ അധികൃതരുടെ അനുമതി ലഭിക്കും മുമ്പേ യു എ പി എ ചുമത്തി വിചാരണ തുടങ്ങിയത് നിയമവിരുദ്ധമാണെന്നാണ് 2022 ൽ വിധി പറഞ്ഞ ബെഞ്ച് കണ്ടെത്തിയിരുന്നു.
നിരോധിത മാവോയിസ്റ്റ് സംഘടന സി പി ഐ മാവോയിസ്റ്റിനെ സഹായിച്ചുവെന്നായിരുന്നു സായിബാബയ്ക്ക് എതിരായ ആരോപണം. സംഘടനയിലേയ്ക്ക് അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിനാവശ്യമായ താത്വികമായ പിന്തുണ ഇദ്ദേഹം നല്‍കിയിരുന്നുവെന്നാണ് പൊലീസ് ആരോപണം. ഹേം മിശ്ര, പ്രശാന്ത് രാഹി, വിജയ് ടിര്‍ക്കെ, മഹേഷ് ടിര്‍ക്കെ, പാണ്ഡു നരോട്ട് എന്നിവരായിരുന്നു കേസിലെ മറ്റ് പ്രതികള്‍.












Click it and Unblock the Notifications