'എഴുതി വെച്ചോളൂ, കോൺഗ്രസ് ബിജെപിയെ താഴെയിറക്കും, ചൈന യുദ്ധത്തിന് ഒരുങ്ങുന്നു; കേന്ദ്രം ഉറങ്ങുന്നു': രാഹുൽ
ജെയ്പൂര്‍: ചൈന ഇന്ത്യയ്ക്ക് എതിരെ യുദ്ധത്തിന് തയ്യാറെടുക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഉറക്കത്തിലാണെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിയെ കോണ്‍ഗ്രസ് താഴെ ഇറക്കുമെന്നും പാര്‍ട്ടിയെ ആരും വില കുറച്ച് കാണേണ്ടതില്ലെന്നും രാഹുല്‍ ഗാന്ധി ജയ്പൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
''ചൈന യുദ്ധത്തിനുളള ഒരുക്കത്തിലാണ്. അവരുടെ ആയുധങ്ങള്‍ നോക്കൂ. അവര്‍ യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ അത് അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ നയം രൂപീകരിക്കുന്നതിലല്ല, പരിപാടികള്‍ നടത്തുന്നതിലാണ്. ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തു. അവര്‍ നമ്മുടെ പട്ടാളക്കാരെ ആക്രമിക്കുന്നു. ചൈന ഉയര്‍ത്തുന്ന ഭീഷണി വളരെ വ്യക്തമാണ്. എന്നിട്ടും സര്‍ക്കാര്‍ അതിനെ അവഗണിക്കുന്നു. ലഡാക്കിലും അരുണാചലിലും ചൈന ആക്രമണത്തിന് തയ്യാറെടുക്കുകയാണ്. അപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഉറങ്ങുന്നു'', രാഹുല്‍ ഗാന്ധി പറഞ്ഞു.

ചൈനയെ കുറിച്ച് താന്‍ നേരത്തെ തന്നെ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അവര്‍ പ്രസംഗങ്ങള്‍ നടത്തുന്നുണ്ട്. വിദേശകാര്യ വകുപ്പ് മന്ത്രി ഇടയ്ക്കിടെ പ്രസ്താവനകള്‍ ഇറക്കുന്നു. അദ്ദേഹം കാര്യങ്ങള്‍ മനസ്സിലാക്കണം എന്നാണ് തനിക്ക് പറയാനുളളത്. ഈ പത്ര സമ്മേളനത്തിന് വരുന്നതിന് മുന്‍പായി താന്‍ ഒരു കോണ്‍ഗ്രസ് നേതാവിനോട് പറഞ്ഞിരുന്നു, പത്രക്കാര്‍ ആരും തന്നോട് ചൈനയെ കുറിച്ച് ചോദിക്കാന്‍ പോകുന്നില്ലെന്ന്. എല്ലാവരും സച്ചിന്‍ പൈലറ്റിനെ കുറിച്ചും അശോക് ഗെഹ്ലോട്ടിനെ കുറിച്ചും തിരഞ്ഞെടുപ്പിനെ കുറിച്ചും ചോദിക്കും. എന്നാല്‍ ചൈനാ വിഷയത്തില്‍ ഒരു ചോദ്യം പോലും ഉണ്ടാകില്ലെന്ന്, രാഹുല്‍ പറഞ്ഞു.
ഭാരത് ജോഡോ യാത്രയ്ക്കിടെ രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് ഒപ്പമാണ് രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കണ്ടത്. പാര്‍ട്ടി പ്രവര്‍ത്തകരെ കൃത്യമായി ഉപയോഗപ്പെടുത്തിയാല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിന് കൂറ്റന്‍ വിജയം ഉറപ്പാക്കാന്‍ സാധിക്കുമെന്ന് രാഹുല്‍ പറഞ്ഞു. ബിജെപിയെ നേരിടാനുളള ചങ്കൂറ്റമില്ലാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് കോണ്‍ഗ്രസ് വിടാം. കോണ്‍ഗ്രസില്‍ വിശ്വസിക്കുന്നവരെയാണ് പാര്‍ട്ടിക്ക് ആവശ്യം എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
''എന്റെ ഈ വാക്കുകള്‍ എഴുതി വെച്ചോളൂ, ഭാരതീയ ജനതാ പാര്‍ട്ടിയെ കോണ്‍ഗ്രസ് വീഴ്ത്തിയിരിക്കും. കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെയും വ്യക്തിപരമായി തനിക്ക് എതിരെയും വലിയ തോതില്‍ അപവാദ പ്രചാരണം നടക്കുന്നുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്ത് നിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്നുളള പ്രചാരണം ബിജെപിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് ആശയത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയാണ്. തങ്ങള്‍ ഫാസിസത്തിന് എതിരെ ശക്തമായി തന്നെ നിലകൊള്ളുന്നു'', രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസിനുളളില്‍ യാതൊരു വിധത്തിലുളള ആശയക്കുഴപ്പവും ഇല്ലെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസിലെ വിഭാഗീയത സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി രാഹുല്‍ ഗാന്ധി പറഞ്ഞു. അത്തരത്തിലുളള കാര്യങ്ങള്‍ ചിലപ്പോള്‍ തങ്ങളുടെ പാര്‍ട്ടിയില്‍ നടക്കാറുണ്ടെന്നും പക്ഷേ അതില്‍ പ്രശ്‌നങ്ങളില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ''മാധ്യമങ്ങള്‍ ഐശ്വര്യ റായിയെ കുറിച്ചും വിരാട് കോലിയെ കുറിച്ചും അമിതാബ് ബച്ചനെ കുറിച്ചും എഴുതുന്നു. പൊതുജനത്തില്‍ നിന്നും നമുക്ക് ലഭിക്കാവുന്ന അറിവിനെ കുറിച്ചും സ്‌നേഹത്തെ കുറിച്ചുമല്ല'', രാഹുല്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications