താലികെട്ടാന്‍ വരന്‍ മദ്യപിച്ചെത്തി, വധു ബോധം കെട്ടുവീണു, വിവാഹ വേദിയില്‍ കൂട്ടത്തല്ല്
മേട്ടുപ്പാളയം: വിവാഹ ദിനം മദ്യപിച്ച് വേദിയിലെത്തിയ വരനെ കണ്ട് വധു ബോധംകെട്ട് വീണു. വിവാഹം മുടങ്ങി. തമിഴ്‌നാട്ടിലെ മേട്ടുപാളയത്താണ് വരന്റെ മദ്യപാനം വിവാഹം മുടക്കിയത്. വിവാഹം മുടങ്ങിയതോടെ വേദിയില്‍ ഇരു കൂട്ടരുടേയും കൂട്ടത്തല്ല്.
കൂട്ടുകാര്‍ക്കൊപ്പം ബാച്ച്‌ലര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത വരന്‍ മദ്യപിച്ച് നിലതെറ്റിയാണ് വിവാഹ വേദിയിലേയ്ക്ക് എത്തിയത്. ബംഗ്‌ളാമേട് സ്വദേശിയാണ് 27കാരനായ വരന്‍. 23കാരിയായ വധു എസ്എല്‍ പുരം സ്വദേശിയാണ്. വരന്‍ ലക്കുകെട്ട് എത്തിയത് ബന്ധുക്കളെ ആശങ്കയിലാഴ്ത്തി.

വധുവിന്റെ അടുത്ത് വന്നിരുന്ന വരന്‍ സ്വബോധമില്ലാത്ത രീതിയില്‍ കാട്ടിയ പ്രവൃത്തികള്‍ തമാശയാണെന്ന് കരുതിയാണ് ബന്ധുക്കള്‍ ആസ്വദിച്ചത്. എന്നാല്‍ മദ്യത്തിന്റെ മണം അടിച്ചുകയറി വധു വേദിയില്‍ മയങ്ങി വീണു. ഇതോടെ കാര്യം തമാശയല്ല സീരിയസാണെന്ന് ബന്ധുക്കള്‍ക്കും മനസിലായി.
ഒട്ടുംവൈകാതെ വധുവിനെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ്ക്കുകയും പ്രാഥമിക ചികിത്സ നല്‍കി വിട്ടയയ്ക്കുകയും ചെയ്തു. വധു വീണ്ടും വേദിയില്‍ എത്തി. ഈ സമയം വരന്റേയും വധുവിന്റേയും ബന്ധുക്കള്‍ വാക്കുതര്‍ക്കം ആരംഭിച്ചിരുന്നു. വേദിയിലേയ്ക്ക് കയറിയ വധു താന്‍ ഈ വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചതോടെ വേദിയില്‍ കൂട്ടയടി തുടങ്ങി.
മേട്ടുപ്പാളയം പൊലീസിന്റെ മധ്യസ്ഥതയില്‍ നടന്ന 12 മണിയ്ക്കൂര്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ വിവാഹത്തിന് ചെലവായ തുക ഇരു വീട്ടുകാരും തുല്യമായി വഹിയ്ക്കും എന്ന ധാരണയില്‍ എത്തി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് വധു. വിവാഹം വേണ്ടെന്ന് വച്ച വധുവിന് അഭിനന്ദന പ്രവാഹമാണ്.












Click it and Unblock the Notifications