പുതുച്ചേരി കോണ്‍ഗ്രസില്‍ കൂട്ടരാജി; നേതാക്കള്‍ ബിജെപിയിലേക്ക്
പുതുച്ചരി: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതുച്ചേരി കോണ്‍ഗ്രസില്‍ കൂട്ട രാജി. അഞ്ച് സംസ്ഥാന ജനറല്‍സെക്രട്ടറിമാര്‍ ഉല്‍പ്പെടെ പതിമൂന്ന് പേര് രാജി വെച്ചു. രാജിവെച്ച നേതാക്കള്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തയെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതുച്ചേരി കോണ്‍ഗ്രസിലെ പ്രശ്ന പരിഹാരത്തിനായി ഹൈക്കമാന്റ് ഇടപെട്ടില്ലെന്ന് പരാതിപ്പെട്ടാണ് രാജി. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും മന്ത്രിസഭയിലെ രണ്ടാമനുമായ അറുമുഖം നമശിവായത്തിന്റെ രാജിക്ക് പിന്നാലെയാണ് പ്രധാന ഭാരവാഹികള്‍ അടക്കം പാര്‍ട്ടി വിട്ടത്. മുന്‍ എംഎല്‍എ, അഞ്ച് ജനറല്‍ സെക്രട്ടറിമാര്‍. കോണ്‍ഗ്രസ് യുവജനവിഭാഗം അധ്യക്ഷന്‍, എഐസിസി സമൂഹമാധ്യമ ചുമതലയുള്ള ഡി കാമരാജ് എന്നിവരുള്‍പ്പെടെയാണ് രാജി വെച്ചത്.
പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമിയുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്കുപിന്നില്‍. തെക്കന്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും വലിയ സ്വാധീനമുള്ള കോണ്‍ഗ്രസ് യുവജന വിഭാഗം നേതാക്കളും പാര്‍ട്ടി വിട്ടു. പുതുച്ചേരി കോണ്‍ഗ്രസ് നിര്ജീവമാണെന്നും ഹൈക്കമാന്റ് ഇടപെടുന്നില്ലെന്നമാണ് രാജവെച്ചവര് ഉന്നയിക്കുന്ന പ്രധാന പരാതി. പുതുച്ചേരിയിലെത്തുന്ന ജെപി നദ്ദയെ കണ്ട് ബിജെപി അംഗത്വം സ്വീകരിക്കും. സ്ഥാനമോഹികളായ നേതാക്കളാണ് ബിജെപിയിലേക്ക് പോകുന്നതെന്നും ജനം അവര്‍ക്ക് മറുപടി നല്‍കുമെന്നും മുഖ്യമന്ത്രി നാരായണ സ്വാമി പ്രതികരിച്ചു. 32 അംഗ നിയമസഭയില്‍ 16 എംഎല്‍എമാരുടെ പിന്തുണയാണ് നാരായണസ്വാമി സര്‍ക്കാരിനിപ്പോള്‍ ഉള്ളത്. കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി പാര്‍ട്ടി വിടുമെന്നാണ് വിമത നേതാക്കളുടെ ഭീഷണി. രാഹുല്‍ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ദില്ലിയിലേക്ക് മടങ്ങി ദിവസങ്ങള്‍ക്കകമാണ് പാര്‍ട്ടിയില്‍ കൂട്ടരാജി സംഭവിച്ചത്.