ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട; പിടികൂടിയത് 1800 കോടിയുടെ മയക്കുമരുന്ന്
ഗുജറാത്ത് തീരത്ത് നിന്ന് 1800 കോടി വിലവരുന്ന 300 കിലോഗ്രാം മയക്കുമരുന്ന് പിടുച്ചെടുത്തു. ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും കോസ്റ്റ് ഗാർഡും ചേർന്നാണ് മയക്കുമരുന്ന് പിടികൂടിയത്. മെത്താംഫെറ്റാമൈൻ ആണ് ലഹരി വസ്തു എന്നാണ് സംശയിക്കുന്നത്. കൂടുതൽ അന്വേഷണത്തിനായി ഇത് എടിഎസിന് കൈമാറിയതായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു.

അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി രേഖയില്‍ (IMBL) ആണ് എടിഎസും കോസ്റ്റ് ഗാർഡും സംയുക്ത ഓപ്പറേഷൻ നടത്തിയത്. ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. കോസ്റ്റ് ഗാർഡ് കപ്പൽ കണ്ടതോടെ കള്ളക്കടത്തുകാർ ലഹരി വസ്തുക്കൾ വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു. ലഹരിമരുന്നുകൾ കടലിലേക്ക് വലിച്ചെറിഞ്ഞുവെന്ന് സ്ഥിരീകരിച്ചതോടെ ചെറുബോട്ടുകളെ അയച്ച് ഈ ലഹരിമരുന്നുകൾ കണ്ടെടുക്കുകയായിരുന്നു.
അതേസമയം അന്താരാഷ്ട്ര അതിർത്തിക്ക് അടുത്തായിരുന്നതിനാലാണ് വളരെ എളുപ്പത്തിൽ രക്ഷപ്പെടാൻ ലഹരിക്കടത്തുകാർക്ക് സാധിച്ചതെന്ന് അധികൃതർ പറഞ്ഞു. ഗുജറാത്ത് തീരങ്ങളിൽ ലഹരി കടത്ത് സജീവമാകുന്നുണ്ട്. അടുത്തിടെ എടിഎസും ഐസിജിയും ചേർന്ന് 13 ഓളം ഓപ്പറേഷനുകൾ ഇത്തരത്തിൽ നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications