ആറ് മണിക്കൂര്‍ നിന്ന് കത്തി മുംബൈയിലെ ഇഡി ഓഫീസ് കെട്ടിടം; അന്വേഷണം
മുംബൈ: മുംബൈയിലെ തിരക്കേറിയ മേഖലയില്‍ സ്ഥിതി ചെയ്യുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസില്‍ വന്‍ തീപിടിത്തം. ഇന്നു പുലര്‍ച്ചെ 2:30-നാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ മരണമോ ആര്‍ക്കും പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയിലെ തന്ത്രപ്രധാന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ അധികാരികള്‍ അന്വേഷണം ആരംഭിച്ചു.
ദക്ഷിണ മുംബൈയിലെ ബല്ലാര്‍ഡ് പ്രദേശത്തുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലാണ് തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തത്. പുലര്‍ച്ചെ തീപിടുത്തമുണ്ടായതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അഗ്‌നിശമന സേനയുടെ നിരവധി യൂണിറ്റുകള്‍ ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യഘട്ടത്തില്‍ സാധിച്ചില്ല. പിന്നാലെ തീ വിവിധ നിലകളിലേക്കു പടര്‍ന്നു. അഞ്ചു നിലക്കെട്ടിടത്തിന്റെ നാലു നിലകളിലും തീ പടര്‍ന്നു. ആറ് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഏറെ പണിപ്പെട്ടാണ് തീ അണച്ചത്.

തീ ആളിപ്പടര്‍ന്നതിനാല്‍ എട്ട് ഫയര്‍ എന്‍ജിനുകള്‍, ആറ് ജംബോ ടാങ്കറുകള്‍, ഒരു ഏരിയല്‍ വാട്ടര്‍ ടവര്‍ ടെന്‍ഡര്‍, റെസ്‌ക്യു വാന്‍, ക്വിക്ക് റെസ്പോണ്‍സ് വാഹനം, ആംബുലന്‍സ് എന്നിവ സ്ഥലത്ത് വിന്യസിക്കേണ്ടി വന്നതായി അഗ്‌നിരക്ഷാ സേനാ ഉദ്യോഗസ്ഥന്‍ അറിയിച്ചു. വലിയ തീപിടിത്തമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
കുരിംഭോയ് റോഡിലെ ഗ്രാന്‍ഡ് ഹോട്ടലിന് സമീപമാണ് തീപിടിത്തമുണ്ടായത്. ഇഡി ഓഫീസ് സ്ഥിതി ചെയ്യുന്ന ബഹുനില മന്ദിരമായ കൈസര്‍-ഐ-ഹിന്ദ് കെട്ടിടമാണ് അഗ്നിക്കിരയായത്. ഇഡി ഓഫീസായതിനാല്‍ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിരവധി സുപ്രധാനമായ രേഖകളാണ് ഇവിടെ സൂക്ഷിക്കുന്നത്. അതിനാല്‍ തീ ആളിപ്പടര്‍ന്നത് അധികാരികളെ ആശങ്കപ്പെടുത്തിയിരുന്നു.
കെട്ടിടത്തില്‍ നിന്ന് കട്ടിയുള്ള പുക ഇപ്പോഴും ഉയരുന്നുണ്ട്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് മുംബൈ ഫയര്‍ ഡിപാര്‍ട്ട്മെന്റ് അറിയിച്ചു.












Click it and Unblock the Notifications