സിദ്ധിഖ് കാപ്പനൊപ്പം അറസ്റ്റിലായ മൂന്ന് പേര്‍ക്കും ജാമ്യമില്ല, ചുമത്തിയ കുറ്റങ്ങൾ ഗുരുതരമെന്ന് കോടതി
ചെന്നൈ: ഹത്രാസിലേക്കുളള യാത്രയ്ക്കിടെ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ധിഖ് കാപ്പനൊപ്പം അറസ്റ്റിലായ മൂന്ന് പേര്‍ക്കും ജാമ്യമില്ല. മധുര കോടതിയാണ് ജാമ്യം നിഷേധിച്ചത്. ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹത്രാസില്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകവേയാണ് സിദ്ധിഖ് കാപ്പന് അടക്കമുളളവരെ യുപി പോലീസ് അറസ്റ്റ് ചെയ്തത്.
രാജ്യദ്രോഹവും തീവ്രവാദവും അടക്കമുളള കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. അതിഖര്‍ റഹ്മാന്, അലം, മസൂദ് എന്നിവരുടെ ജാമ്യാപേക്ഷകളാണ് അഡീഷണല്‍ ജില്ലാ ജഡ്ജ് മയൂര്‍ ജെയിന് തളളിയത്. ആരോപണ വിധേയര്‍ക്ക് മേല്‍ ചാര്‍ത്തിയിരിക്കുന്ന കുറ്റങ്ങള്‍ അതീവ ഗൗരവ സ്വഭാവത്തിലുളളതാണെന്ന് കോടതി നിരീക്ഷിച്ചു.
മാത്രമല്ല കേസില്‍ അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ധിഖ് കാപ്പന് ജാമ്യാപേക്ഷ നല്‍കിയിട്ടില്ല. നാല് ദിവസത്തോളം വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ടതിന് ശേഷമാണ് കോടതി ജാമ്യാപേക്ഷകള്‍ നിരസിച്ചത് എന്ന് ജില്ലാ പ്രോസിക്യൂഷന് കൗണ്‍സല്‍ ശിവ് റാം സിംഗ് വ്യക്തമാക്കി.
ഒക്ടോബര്‍ 5നാണ് സിദ്ധിഖ് കാപ്പന് അടക്കമുളളവര്‍ അറസ്റ്റിലായത്. ആദ്യം കരുതല്‍ അറസ്റ്റ് ആയിരുന്നുവെങ്കിലും പിന്നീട് ഇവര്‍ക്ക് മേല്‍ രാജ്യദ്രോഹം അടക്കമുളള ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തുകയായിരുന്നു. തുടര്‍ന്ന് ഇവരെ മധുര ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മധുര ക്രൈംബ്രാഞ്ച് പോലീസ് ആണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് ഉത്തര്‍ പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അന്വേഷണം ഏറ്റെടുത്തു.