കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗോഗോയ് ചെയ്തു തന്ന ഉപകാരങ്ങൾക്ക് ഞങ്ങൾ കൊടുത്ത പ്രത്യുപകാരം'! പൊളിച്ചടുക്കി കുറിപ്പ്

Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജൻ ഗൊഗോയ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത് രാജ്യത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. നിയമജ്ഞർ അടക്കം നിരവധി പേർ വിമർശനവുമായി മുന്നോട്ട് വന്നിരിക്കുന്നു. ഗൊഗോയിക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് മുൻ എംപിയായ എംബി രാജേഷ്.

നാണം മറന്നും പാദസേവ ചെയ്താൽ പദവിയും പട്ടും വളയും തരാം, നീതിയും നിയമവും പറഞ്ഞ് നട്ടെല്ല് നിവർത്തി നിന്നാൽ പണി തരും എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് രാജേഷ് തുറന്നടിച്ചു. ഗോഗോയ് ചെയ്തു തന്ന ഉപകാരങ്ങൾക്ക് ഞങ്ങൾ കൊടുത്ത പ്രത്യുപകാരം എന്ന് തന്നെ കൂട്ടിക്കോളാനാണ് കേന്ദ്രം മറയില്ലാതെ പറയുന്നതെന്നും രാജേഷ് കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

വിരമിക്കും മുൻപ് പറഞ്ഞത്

വിരമിക്കും മുൻപ് പറഞ്ഞത്

" വിരമിച്ച ശേഷം പദവികൾ നൽകുന്നത് ജുഡീഷ്യറിയുടെ സ്വതന്ത്ര പ്രവർത്തനത്തെ ബാധിക്കു"മെന്ന് പറഞ്ഞത് മറ്റാരുമല്ല മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് തന്നെയാണ്. അതും വിരമിക്കുന്നതിന് തൊട്ടുമുമ്പ്. ട്രൈബ്യൂണൽ നിയമനം സംബന്ധിച്ച റോജർ മാത്യു കേസിൽ ഗോഗോയുടെ ഭരണഘടനാ ബെഞ്ചിൻ്റെ വിധിയിലാണ് ഈ സുപ്രധാന നിരീക്ഷണം. വിരമിച്ച ജഡ്ജിമാർക്ക് പദവികൾ നൽകുന്നത് റിട്ടയർമെൻറിന് തൊട്ടുമുമ്പുള്ള അവരുടെ വിധികളെ സ്വാധീനിക്കുമെന്നും അതിനാൽ പദവികൾ നൽകരുതെന്നും ശക്തിയായി വാദിച്ചത് അന്തരിച്ച ബി.ജെ.പി.നേതാവും പ്രഗത്ഭ അഭിഭാഷകനുമായിരുന്ന അരുൺ ജെയ്റ്റ്ലിയായിരുന്നു.

ഇത് ശക്തമായ തെളിവ്

ഇത് ശക്തമായ തെളിവ്

രഞ്ജൻ ഗോഗോയ് യെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത കേന്ദ്ര സർക്കാർ നടപടി ഗോഗോയിയും ജെയ്റ്റ്ലിയും പറഞ്ഞതിനെതിരല്ല, അതിനെ പൂർണ്ണമായും ശരിവെക്കുന്നതാണ്. റാഫേൽ അഴിമതി, അയോദ്ധ്യാ, കാശ്മീർ കേസുകളിലെല്ലാം നിർലജ്ജം കേന്ദ്ര സർക്കാരിൻ്റെ പാദസേവ നടത്തിയെന്ന ആരോപണം നേരിട്ടയാളെ , നീതിയെ ഒറ്റിയതിൻ്റെ നാറ്റം മാറും മുമ്പ് രാജ്യസഭയിലേക്കയച്ചത് അവരിരുവരും പറഞ്ഞതിൻ്റെ ശക്തമായ തെളിവാണ്.

ഒരു മറയും അവശേഷിക്കുന്നില്ല

ഒരു മറയും അവശേഷിക്കുന്നില്ല

" സിഖ് വിരുദ്ധ കൂട്ടക്കൊലയിൽ ക്ലീൻ ചിറ്റ് നൽകിയ ജ. രംഗനാഥ് മിശ്രയെ പണ്ട് നിങ്ങളും രാജ്യസഭാംഗമാക്കിയില്ലേ?" എന്ന് കോൺഗ്രസിനോട് ചോദിച്ച് ഒരു കേന്ദ്ര മന്ത്രി ന്യായീകരിക്കുമ്പോൾ അതിൽ ഒരു മറയും അവശേഷിക്കുന്നില്ല. ഗോഗോയ് ചെയ്തു തന്ന ഉപകാരങ്ങൾക്ക് ഞങ്ങൾ കൊടുത്ത പ്രത്യുപകാരം എന്ന് തന്നെ കൂട്ടിക്കോളാൻ. ഇപ്പോഴുള്ള ജഡ്ജിമാരും ഉദ്യോഗസ്ഥരും ജനങ്ങളുമെല്ലാം അതങ്ങിനെ തന്നെ മനസ്സിലാക്കണമെന്ന് കണക്കുകൂട്ടി തന്നെയുള്ള നടപടിയാണത്.

ഞങ്ങൾ പറയുന്നതാണ് നിയമം

ഞങ്ങൾ പറയുന്നതാണ് നിയമം

ജഡ്ജിമാർക്കും ഉദ്യോഗസ്ഥർക്കമുള്ള സന്ദേശം ഇങ്ങനെ - " നാണം മറന്നും പാദസേവ ചെയ്താൽ പദവിയും പട്ടും വളയും തരാം. നീതിയും നിയമവും പറഞ്ഞ് നട്ടെല്ല് നിവർത്തി നിന്നാൽ പണി തരും". "ഞങ്ങൾ പറയുന്നതാണ് നിയമം. അതിന് മുകളിൽ ഒരു ജഡ്ജിയും പറക്കില്ല, രക്ഷിക്കാൻ ഒരു കോടതിയുമുണ്ടാവില്ല " എന്നാണ് ജനങ്ങൾക്കുള്ള സന്ദേശം. അതായത് ,രഹസ്യമൊന്നുമില്ല. വളച്ചുകെട്ടുമില്ല. പച്ചക്കാണ് പറഞ്ഞിരിക്കുന്നത്.

പാദപൂജ ചെയ്യുന്നു

പാദപൂജ ചെയ്യുന്നു

ഗോഗോയ് അനുകൂല വിധികളുടെ പരമ്പരയൊരുക്കി പാദപൂജ ചെയ്യുന്നു. വിരമിച്ച ശേഷമൊന്ന് വിശ്രമിക്കാൻ പോലും ഇട നൽകാതെ രാജ്യസഭയിലേക്കയക്കുന്നു. ജ.മുരളീധർ നാട് കത്തുമ്പോൾ നിയമം നോക്കുകുത്തിയായതിനെ ചോദ്യം ചെയ്യുന്നു. രായ്ക്കുരാമാനം ഡൽഹിക്കു പുറത്തേക്ക് നാടുകടത്തപ്പെടുന്നു. യാദൃഛികവും സ്വാഭാവികവുമായ നടപടിക്രമമെന്ന് എല്ലാവരും വിശ്വസിച്ചോളണമെന്ന് കൽപ്പന വരുന്നു.

ദുരൂഹ സാഹചര്യത്തിലെ മരണം

ദുരൂഹ സാഹചര്യത്തിലെ മരണം

കൊലക്കേസ് പ്രതിയായ വി. വി.ഐ.പി, വിചാരണക്ക് കോടതിയിൽ ഹാജരായേ തീരുവെന്ന് ജ .ലോയ ഉത്തരവിടുന്നു. അടുത്ത വിചാരണ തീയ്യതിക്ക് മുമ്പ് ദുരുഹ സാഹചര്യത്തിൽ അദ്ദേഹം പരലോകത്തെത്തുന്നു. അതും സ്വാഭാവികമെന്ന് വിധിക്കപ്പെടുന്നു. ജ. തെഹൽ രമണി ഗുജറാത്ത് കലാപ കാലത്തെ ബിൾ ക്കീസ് ബാനു കൂട്ടബലാൽസംഗക്കേസ് പ്രതികളായ 'രാജ്യ സ്നേഹികളെ 'ശിക്ഷിച്ച് അപ്രീതിക്കിരയാവുന്നു.

പ്രധാനമന്ത്രിയെ പുകഴ്ത്തുന്നു

പ്രധാനമന്ത്രിയെ പുകഴ്ത്തുന്നു

മേഘാലയയിലെ നാലാൾ മാത്രമുള്ള കോടതിയുടെ മൂലയിലേക്ക് ചുരുട്ടിയെറിയപ്പെടുന്നു. അവർ അഭിമാനിയെപ്പോലെ രാജിവെച്ചിറങ്ങുന്നു. പിറ്റേ ദിവസം മുതൽ അവരുടെ കുടുംബാംഗങ്ങൾക്കെതിരെ എൻഫോഴ്സ്മെൻറിനേയും ഇൻകം ടാക്സിനേയും കൂട്ടിൽ നിന്ന് തുടലഴിച്ച് വിടുന്നു. ഇതിനിടയിൽ, സ്വതന്ത്രവും നിഷ്പക്ഷവുമായ സുപ്രീം കോടതിയിലെ ഒരു സിറ്റിങ്ങ് ജഡ്ജി പ്രധാനമന്ത്രി ബഹുമുഖ പ്രതിഭയാണെന്ന് പുകഴ്ത്തുന്നു.

ആ തൂണും ഇടിഞ്ഞു വീഴുകയാണോ

ആ തൂണും ഇടിഞ്ഞു വീഴുകയാണോ

" ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം " എന്ന് കുഞ്ചൻ നമ്പ്യാർ ചരിത്രത്തിലിരുന്ന് ഉറക്കെപ്പാടുന്നു. സാനിറ്റൈസർ കൊണ്ട് എത്ര വൃത്തിയാക്കാൻ ശ്രമിച്ചാലും ഫലമില്ലാത്ത, നീതിയുടെ ചോര പറ്റിപ്പിടിച്ചിരിക്കുന്ന കൈകളുമായി ഒരു ഒറ്റുകാരൻ രാജ്യസഭയുടെ പടവുകൾ കയറിപ്പോകുന്നു. ആ തൂണും ഇടിഞ്ഞു വീഴുകയാണോ എന്ന മുതിർന്ന ന്യായാധിപൻ ജ .മദൻ ലോക്കൂറിൻ്റെ ചോദ്യം അന്തരീക്ഷത്തിൽ മുഴങ്ങുന്നു''.

English summary
MB Rajesh about Justice Ranjan Gogoi's entry to Rajya Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X